മഹാരാജാസ് കോളജ് സംഘര്‍ഷം; 'എസ് എഫ് ഐ ക്രിമിനലുകളെ പോലിസ് സംരക്ഷിക്കുന്നു'; കമ്മീഷണര്‍ക്ക് പരാതി നല്‍കി ഫ്രട്ടേണിറ്റി

Update: 2024-01-19 05:17 GMT

കൊച്ചി: മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി ഫ്രട്ടേണിറ്റി. എസ്എഫ്‌ഐ ക്രിമിനലുകളെ പോലിസ് സംരക്ഷിക്കുന്നു എന്ന് ഫ്രട്ടേണിറ്റി സംസ്ഥാന പ്രസിഡന്റ് കെഎം ഷഫ്രിന്‍ പറഞ്ഞു. ക്യാമ്പസില്‍ അക്രമപരമ്പരക്ക് തുടക്കമിട്ടത് എസ്എഫ്‌ഐ ആണ് എന്നും പരാതിയില്‍ പറയുന്നു. ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് പരാതി.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. പ്രകടനം നടത്തി മാര്‍ഗതടസം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് കേസ്. കണ്ടാല്‍ അറിയാവുന്ന 200 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. കത്തിക്കുത്തുമായി ബന്ധപ്പെട്ട 15 പേര്‍ക്കെതിരെയാണ് ഇതുവരെ പോലിസ് കേസെടുത്തത്. 15 പേരും കെഎസ്യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവര്‍ത്തകരാണ്. കേസുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവര്‍ത്തകന്‍ ഇജിലാലിനെയാണ് പോലിസ് അവസാനമായി അറസ്റ്റ് ചെയ്തത്. കേസില്‍ എട്ടാം പ്രതിയാണ് ഇജിലാല്‍. എസ്എഫ്‌ഐ യൂണിറ്റ് നാസര്‍ അബ്ദുള്‍ റഹ്‌മാനായിരുന്നു കുത്തേറ്റത്.

മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി അബ്ദുള്‍ മാലിക്കിനെ ഒന്നാംപ്രതി ആക്കിയാണ് കേസ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ആശുപത്രി വിട്ടാല്‍ ഉടനെ അറസ്റ്റ് ചെയ്യാനും പോലിസ് നീക്കമുണ്ട്. അക്രമി സംഘത്തില്‍ ക്യാമ്പസിന് പുറത്തു നിന്നുള്ളവരും ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഗുണ്ടാസംഘങ്ങളിലേക്കും അന്വേഷണം നീളുന്നുണ്ട്. കഴിഞ്ഞ ദിവസം ക്യാമ്പസിനുള്ളില്‍ വെച്ച് അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് എഫ്‌ഐആറിലെ വിശദീകരണം.

വധശ്രമം ഉള്‍പ്പെടെ 9 വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥിനികളടക്കം പട്ടികയിലുണ്ട്. നേരത്തെ രണ്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്എഫ്‌ഐ നേതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നു. കഴുത്തിന് നേരെ കത്തി വീശിയെന്നും കെമിസ്ട്രി ലാബിന് സമീപം കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്ഐആറിലുണ്ട്. വിദ്യാര്‍ഥികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു.





Tags:    

Similar News