സ്‌കൂള്‍ വാനിനു മുകളിലേക്കു മരം മറിഞ്ഞു വീണു

Update: 2019-09-17 15:23 GMT

കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ വിദ്യാര്‍ഥികളുമായി വരികയായിരുന്ന വാനിന് മുകളിലേക്ക് കൂറ്റന്‍ മരം മറിഞ്ഞ് വീണു. ഫോര്‍ട്ട്‌കൊച്ചി ചിരട്ടപ്പാലം കാര്‍ത്തികേയ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. പള്ളുരുത്തി ഡോണ്‍ പബഌക് സ്‌കൂളിലെ കുട്ടികളുമായി വരികയായിരുന്ന വാന്‍ കാര്‍ത്തികേയ ക്ഷേത്രത്തിന് മുന്‍വശം എത്തിയതോടെ വാകമരം കടപുഴകി വാനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. യാത്രാ തുടക്കമായതിനാല്‍ ആറ് കുട്ടികളും ആയയും ഡ്രൈവറും മാത്രമേ വണ്ടിയിലുണ്ടായിരുന്നുള്ളൂ. മരം വാനിനു മുകളിലേക്കു മറിയുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ പള്ളുരുത്തി സ്വദേശി നസീര്‍ വാന്‍ പെട്ടെന്ന് വെട്ടിച്ച് നീക്കിയതിനാലാണ് വന്‍ അപകടം ഒഴിവായത്. വാന്‍ വെട്ടിച്ചതോടെ മരം വാനിന്റെ മുന്‍ഭാഗത്താണ് പതിച്ചത്. കുട്ടികളും ആയയും വാനിന് പിറക് വശത്തായിരുന്നു. അപകടത്തില്‍ െ്രെഡവര്‍ നസീറിന് നിസാര പരിക്കേറ്റു. ഇയാളെ ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. സ്‌കൂള്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

സംഭവമറിയിച്ച് അരമണിക്കൂറിന് ശേഷമാണ് പോലിസ് സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്. ഇത് മൂലം നേരത്തേ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മട്ടാഞ്ചേരി അഗ്‌നിശമന സേനക്ക് ഗതാഗതം പുനസ്ഥാപിക്കാന്‍ സമയമെടുക്കേണ്ടി വന്നു. മട്ടാഞ്ചേരിയില്‍ നിന്ന് സ്‌റ്റേഷന്‍ ഒഫിസര്‍ അശോകന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് മരം മുറിച്ച് നീക്കിയത്. 

Tags:    

Similar News