കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. 13 കെഎസ്യു-ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെയും, 8 എസ്എഫ്‌ഐക്കാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കരുതെന്നും ഉത്തരവ്.
കഴിഞ്ഞ ബുധനാഴ്ചയാണ് കോളജില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ സെന്‍ട്രല്‍ പോലിസ് ആകെ 8 കേസുകള്‍ എടുത്തിട്ടുണ്ട്. കാമ്പസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ കഴിഞ്ഞ പതിനെട്ടിനാണ് കോളജ് അടച്ചത്. വിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎ എന്നിവരുമായി കോളജ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി നിയന്ത്രണങ്ങളോടെ കാമ്പസ് തുറക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യദിനം കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കാമ്പസിലെത്തിയത്.