ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേയിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്ന അഞ്ച് ഷട്ടര്‍ കൂടാതെയാണ് അധികമായി 30 സെ.മീ. വീതം രണ്ട് ഷട്ടര്‍കൂടി രാത്രി 9 മണി മുതല്‍ തുറന്നുവിട്ടത്. ഇതോടെ ആകെ ഏഴ് ഷട്ടറുകളാണ് തുറന്നത്. സെക്കന്റില്‍ ഏകദേശം 4,000 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പെരിയാറില്‍ 75 സെ.മീ. വരെ ജലമുയരാന്‍ സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ നിലവില്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്ന ഏഴ് ഷട്ടറില്‍ മൂന്ന് എണ്ണം (V2, V3, V4) 60 സെ.മീ വീതം ഉയര്‍ത്തി ആകെ 3949.10 ഘനയടി ജലം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കിവിടുമെന്ന് രാത്രി 9.50 ഓടെ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 141.55 അടിയായതിനെ തുടര്‍ന്ന് രാത്രി എട്ടുമണിക്ക് രണ്ട് ഷട്ടറുകള്‍ തുറന്ന് 2024.25 ഘനയടി ജലം പുറത്തുവിട്ടിരുന്നു. എന്നിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നതാണ് നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണം.