കണ്ണൂരില്‍ രണ്ടിടത്ത് മദ്യവേട്ട; മൂന്നുപേര്‍ അറസ്റ്റില്‍, 450 ലിറ്ററോളം കര്‍ണാടക മദ്യം പിടികൂടി

Update: 2021-06-11 15:10 GMT

കണ്ണൂര്‍: ജില്ലയില്‍ രണ്ടിടത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. 450 ലിറ്ററോളം കര്‍ണാടക മദ്യം പിടികൂടി. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കൂത്തുപറമ്പ് എക്‌സൈസ് സംഘം കൂടാളി യുപി സ്‌കൂളിന് സമീപം നടത്തിയ പരിശോധനയില്‍ മിനിലോറിയിലും കാറിലുമായി കടത്തുകയായിരുന്ന 279 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ടു പേര്‍ അറസ്റ്റിലായി. കര്‍ണാടക സംസ്ഥാനത്ത് മൈസൂര്‍ ജില്ലയില്‍ ബസവേശ്വര നഗറില്‍ താമസിക്കുന്ന മുഹമ്മദ് അശ്രഫ്(55), മട്ടന്നൂര്‍ കോളാരി കല്ലൂരിലെ അനീസാ മന്‍സിലില്‍ സി പി അസ്‌കര്‍(30) എന്നിവരെ അറസ്റ്റ് ചെയ്തു. മദ്യക്കടത്ത് സംഘത്തിലെ പ്രധാനിയായ പ്രജീഷ് എന്ന മാക്കാപ്പി സംഭവസ്ഥലത്തു നിന്നു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. മദ്യക്കടത്തിന് ഉപയോഗിച്ച കെഎ 09 ഡി 6612 മിനിലോറി, കെഎല്‍ 13 എഎസ് 1169 മാരുതി കാര്‍ എന്നിവയും കസ്റ്റഡിലെടുത്തു. മിനി ലോറിയിയില്‍ തണ്ണി മത്തന്‍ ലോഡിന് അടിയിലായി ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന മദ്യക്കുപ്പികള്‍ രഹസ്യ കേന്ദ്രത്തില്‍ വച്ച് കാറില്‍ മാറ്റിക്കയറ്റുന്നതിനിടയിലാണ് എക്‌സൈസിന്റെ മിന്നല്‍ പരിശോധന. ഒന്നര ആഴ്ച്ചക്കാലത്തിലേറെയായി ഇവരുടെ നീക്കങ്ങള്‍ എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. കമ്മീഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ വി സുധീര്‍, കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി ജലീഷ്, ഡെപ്യൂട്ടി കമ്മീഷണര്‍ ഷാഡോ സ്‌ക്വാഡ് അംഗം കെ ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി ടി സജിത്ത്, കെ നിവിന്‍, എക്‌സൈസ് ഡ്രൈവര്‍ എന്‍ ഷാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

    നാറാത്ത് ഓണപ്പറമ്പ് ഭാഗത്ത് കണ്ണര്‍ എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫിസര്‍ വി പി ഉണ്ണിക്കൃഷ്ണന്റെ നേതൃത്തില്‍ നടത്തിയ റെയ്ഡില്‍ മഞ്ചപ്പാലത്തു നിന്നാണ് 170 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടിയത്. കെഎല്‍ 14 ജെ 5394 നമ്പര്‍ മാരുതി റിറ്റ്‌സ് കാറിലാണ് മദ്യം കടത്തിക്കൊണ്ടുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടേരി ഏച്ചൂര്‍ കോട്ടം പത്മാലയത്തില്‍ ടി സി പ്രണവ്, മുണ്ടേരി കുണ്ടുകണ്ടത്തില്‍ വീട്ടില്‍ കെ കെ സുബൈര്‍ എന്നിവരെ പ്രതികളാക്കി കേസെടുത്തു. ഒന്നാം പ്രതി പ്രണവ് ചതുപ്പില്‍ ചാടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.

    സര്‍ക്കിള്‍ ഓഫിസിലെ ജോയിന്റ് എക്‌സൈസ് സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡിലാണ് മദ്യം പിടികൂടിയത്. കോവിഡ് 19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ചെറുകിട മദ്യവില്‍പനക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് മദ്യം എത്തിച്ച് നല്‍കുന്നവരാണ് പ്രതികള്‍. കര്‍ണാടകത്തില്‍ നിന്നും വന്‍തോതില്‍ അനധികൃത മദ്യം കടത്തി കേരളത്തില്‍ നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികള്‍. പ്രതികള്‍ക്ക് മദ്യം എത്തിച്ചു നല്‍കുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. റെയ്ഡില്‍ ഇന്റലിജന്‍സ് പ്രിവന്റിവ് ഓഫിസര്‍ സി വി ദിലീപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ സി എച്ച് റിഷാദ്, ഗണേഷ് ബാബു, ശ്യാം രാജ്, എക്‌സൈസ് ഡ്രൈവര്‍ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

Excise raid in two places in Kannur; Three persons were arrested

Tags:    

Similar News