അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്ഡ്; വാറ്റ് കേന്ദ്രത്തില്‍ സൂക്ഷിച്ച 1,250 ലിറ്റര്‍ വാഷും 35 ലിറ്റര്‍ വാറ്റുചാരായവും പിടികൂടി

Update: 2021-08-18 17:46 GMT

പാലക്കാട്: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ വാറ്റ് കേന്ദ്രത്തില്‍ സൂക്ഷിച്ച 1,250 ലിറ്റര്‍ വാഷും 35 ലിറ്റര്‍ വാറ്റുചാരായവും പിടികൂടി. എക്‌സൈസ് വകുപ്പ് കേരളത്തിലുടനീളം നടത്തുന്ന ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി രജനീഷും പാര്‍ട്ടിയും അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ കള്ളക്കണ്ടി പ്രദേശങ്ങളില്‍ നടത്തിയ വ്യാപകപരിശോധനയിലാണ് വാറ്റും വാഷും കണ്ടെത്തിയത്. ആര്‍ക്കും പെട്ടന്നുകാണാത്ത രീതിയില്‍ കുറ്റികാടിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ വാറ്റുകേന്ദ്രവും വാഷും ചാരായവും പിടിച്ചെടുത്തത്.

200 ലിറ്റര്‍ കൊള്ളുന്ന വലിയ ബാരലുകളിലും, പ്ലാസ്റ്റിക് കുടങ്ങളിലുമാണ് വാഷ് സൂക്ഷിച്ചുവച്ചിരുന്നത്. വാഷും വാഷ് സൂക്ഷിച്ചുവച്ച പാത്രങ്ങളും മറ്റും സംഭവസ്ഥലത്തുവച്ച് നശിപ്പിച്ചു. ഓണം ദിവങ്ങളില്‍ മദ്യത്തിനുണ്ടാവാനിടയുള്ള ഡിമാന്‍ഡ് മുന്നില്‍കണ്ടാണ് ഇത്തരത്തില്‍ വന്‍തോതില്‍ വാഷും ചാരായവും സൂക്ഷിച്ചുവച്ചതെന്നാണ് എക്‌സൈസിന്റെ നിഗമനം.

ഇത്തരത്തില്‍ വലിയ തരത്തിലുള്ള വാറ്റുകേന്ദ്രം നടത്തിപ്പിന് ഒരുസംഘം ആളുകള്‍ ഉള്‍പ്പെട്ടിരിക്കാമെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത്തരത്തിലുള്ള റെയ്ഡുകള്‍ നടത്തുമെന്ന് അഗളി എക്‌സൈസ് റെയ്ഞ്ച് ഓഫിസ് ഇന്‍സ്‌പെക്ടര്‍ വി രജനീഷ് അറിയിച്ചു.

ഇന്ന് രാവിലെ ഇത്തരത്തില്‍ നടത്തിയ മറ്റൊരു റെയ്ഡില്‍ 200 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചിരുന്നു. പ്രിവന്റീവ് ഓഫിസര്‍ കെ ജഗതീശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം പ്രസാദ്, കെ രതീഷ്, ആര്‍ ശ്രീകുമാര്‍, എ കെ രജീഷ്, ഡ്രൈവര്‍ ടി വിഷ്ണു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച് അട്ടപ്പാടി മുഴുവനും ഇത്തരത്തിലുള്ള പരിശോധനകളും റെയ്ഡുകളും ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

Tags:    

Similar News