ഹരിദാസന്റെ കൊലയാളിയെ സംരക്ഷിച്ച സ്ത്രീ ഹിന്ദു തീവ്രവാദിനി, അച്ഛനും അമ്മയും പാതി കോണ്‍ഗ്രസും പാതി സംഘിയും: കാരായി രാജന്‍
കണ്ണൂര്‍: ഹരിദാസന്‍ വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്ത അധ്യാപിക രേഷ്മയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് കാരായി രാജന്‍. ഹരിദാസനെ അരുംകൊല ചെയ്ത കൊടുംഭീകരരെ സംരക്ഷിച്ച സ്ത്രീ കൊലയാളികള്‍ക്ക് സമമാണെന്ന് കാരായി രാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. തികഞ്ഞ ഹിന്ദു തീവ്രാദിനിയായ സ്ത്രീയിലും ഭര്‍ത്താവിലും സിപിഎം ബന്ധമാരോപിക്കാന്‍ ഒരജണ്ട സെറ്റുചെയ്ത് വന്നിരിക്കുന്നു.
സ്ത്രീയുടെ അച്ഛനുമമ്മയും അടക്കമുള്ളവര്‍ പാതി കോണ്‍ഗ്രസ്സും പാതി സംഘിയുമായി നാട്ടിലറിയപ്പെടുന്നു. മുന്‍ എസ്എഫ്‌ഐക്കാരിയെന്ന വേഷമണിയിക്കാന്‍ ശ്രമിക്കുന്നവര്‍ ചോദിക്കണം, എസ്എഫ്‌ഐയുടെ കൊടി വെള്ളയോ മഞ്ഞയോ എന്ന്. ഭര്‍ത്താവാശാന്‍ നാട്ടിലെത്തിയാല്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും. കടുത്ത ഹിന്ദു ഭ്രാന്തിന്റെ വിഷം തുപ്പുന്ന ഭര്‍ത്താവ് ചുമതലക്കാരനെയും അന്നാട്ടുകാര്‍ക്ക് നല്ല പരിചയമുണ്ട്.
പ്രതിയുമായി വര്‍ഷങ്ങളായി തുടരുന്ന രാത്രികാല ചാറ്റിങ്ങുകളും ഫോണ്‍ വിളികളും മറച്ചുവയ്ക്കാന്‍ പറ്റാത്ത രേഖകളായി അവശേഷിക്കുന്നുണ്ട്. കൊലയാളികളെ വെള്ളപൂശല്‍ നടക്കാന്‍ പോവാത്ത കാര്യം- കാരായി രാജന്‍ കുറിച്ചു. സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ദാസിന് ഒളിവില്‍ താമസിക്കാന്‍ പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയായ രേഷ്മ വീട് വിട്ടുനല്‍കിയതാണ് വിവാദമായത്.
പ്രതിയെ ഒളിപ്പിച്ചതിന് അധ്യാപികയെ പോലിസ് അറസ്റ്റുചെയ്യുകയും ഇവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, രേഷ്മയും പ്രശാന്തും സിപിഎം പ്രവര്‍ത്തകരാണെന്ന വാര്‍ത്തകളും വിശദാംശങ്ങളും പുറത്തുവന്നു. ഇതോടെ സിപിഎം പ്രതിരോധത്തിലായി. രേഷ്മയ്ക്കും പ്രശാന്തിനും സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നും ആര്‍എസ്എസ്സുമായാണ് ഇവര്‍ക്ക് ബന്ധമുള്ളതെന്നുമാണ് സിപിഎം കേന്ദ്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്.