തുടര്‍ച്ചയായ കൊലപാതകങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Update: 2022-02-21 12:41 GMT

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവം നിന്ദ്യവും അപലപനീയവുമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. തോട്ടടയില്‍ ഒരാഴ്ച മുമ്പുണ്ടായ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടായിരിക്കുന്നത്. കണ്ണൂരിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറേ ആഴ്ചകളായി സിപിഎമ്മും ബിജെപിയും നടത്തിക്കൊണ്ടിരിക്കുകയാണ്. ഉല്‍സവ സ്ഥലങ്ങളിലാണ് ഇരുകൂട്ടരും സംഘര്‍ഷമുണ്ടാക്കുന്നത്. പുന്നോലിലുണ്ടായ കൊലപാതകത്തിനു പിന്നിലും ഉല്‍സവ സ്ഥലത്ത് നേരത്തേയുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷമാണെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രകമ്മിറ്റികളുടെ നിയന്ത്രണം കൈക്കലാക്കാന്‍ സിപിഎമ്മും ബിജെപിയും മല്‍സരിക്കുന്നതാണ് പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിക്കുന്നത്.

രാഷ്ട്രീയ ക്രിമിനലുകളും ലഹരി മാഫിയാ സംഘങ്ങളും കണ്ണൂരില്‍ തേര്‍വാഴ്ച നടത്തുകയാണ്. ബോംബ് നിര്‍മാണവും ആയുധ സംഭരണവും തകൃതിയായി നടക്കുന്നു. സിപിഎമ്മും ബിജെപിയും കുത്തകയാക്കി വെച്ച പാര്‍ട്ടി ഗ്രാമങ്ങളിലെ ബോംബ് നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്താനോ, നിരന്തരം റെയ്ഡുകള്‍ നടത്താനോ പോലിസ് തയ്യാറാകുന്നില്ല. പോലിസുദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തില്‍ ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കള്‍ പോലും ഇടപെടല്‍ നടത്തുന്നു.

പോലിസും ആഭ്യന്തര വകുപ്പും നിഷ്‌ക്രിയമായതിന്റെ തെളിവാണ് തുടര്‍ച്ചയായ ഇത്തരം കൊലപാതകങ്ങള്‍. സ്വന്തം ജില്ലയിലെ ജനങ്ങള്‍ക്കെങ്കിലും സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രിക്കു സാധിക്കുന്നില്ലെങ്കില്‍ ആഭ്യന്തരവകുപ്പ് മറ്റാര്‍ക്കെങ്കിലും വിട്ടു കൊടുക്കുന്നതാണ് നല്ലതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

തികച്ചും പ്രാകൃതമായ അക്രമങ്ങളിലേക്ക് വീണ്ടും കണ്ണൂരിനെ തള്ളിയിടാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണം. ജില്ലയുടെ സമാധാനം ഉറപ്പു വരുത്താന്‍ അധികൃതര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുമെന്നും അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് വ്യക്തമാക്കി. 

Tags:    

Similar News