കൊല നടത്തിയത് ആസൂത്രണം ചെയ്ത്; ഭൂമിയോളം ക്ഷമിക്കുന്നു: എം വി ജയരാജന്‍

Update: 2022-02-21 03:43 GMT

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ സ്വദേശി ഹരിദാസന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സിപിഎം ഭൂമിക്ക് താഴെ ക്ഷമിച്ചിരിക്കുകയാണെന്നും സമീപകാലങ്ങളായി സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തുകയാണ് രാഷ്ട്രിയ എതിരാളികള്‍ ചെയ്യുന്നതെന്നും ജയരാജന്‍ പറഞ്ഞു. ആസൂത്രണം ചെയ്താണ് കൊല നടത്തിയത്. ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തൊരു കൊലപാതകമാണിത്. മല്‍സ്യത്തൊഴിലാളിയായ ഒരാളെ വെട്ടിനുറുക്കി കൊന്നു. ഇടതുകാല്‍ അറുത്തുകളഞ്ഞു. ഹരിദാസനെ ആശുപത്രിയിലെത്തിക്കുന്ന സമയം കാല്‍ കിട്ടിയിരുന്നില്ല.

ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. എത്ര വെട്ടെന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്. സിപിഎമ്മുകാരനായി പോയി എന്ന ഏകതെറ്റാണ് അദ്ദേഹം ചെയ്തത്. ഹരിദാസന്‍ ഏതെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ ആയിരുന്നില്ല. നേരത്തെ ബിജെപിയുടെ ഒരു കൗണ്‍സിലര്‍ ആ പ്രദേശത്ത് സിപിഎമ്മുകാരായ രണ്ടുപേരെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അവരെ വെറുതെ വിടുകയില്ലെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു. മുന്‍കൂട്ടി പ്രഖ്യാപിച്ച് കൊല നടത്തുക. ഇത് നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലയാവണം. ജോലികഴിഞ്ഞ് ഇത്രമണിക്ക് ഹരിദാസന്‍ തിരിച്ചെത്തുമെന്ന് മനസ്സിലാക്കിക്കൊണ്ട് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ക്രിമിനല്‍ സംഘം അവിടെ കാത്തിരിക്കുന്നുണ്ടാവണം.

അല്ലെങ്കില്‍ ഇങ്ങനെ വെട്ടിനുറുക്കാന്‍ കഴിയില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. തലശ്ശേരി ന്യൂ മാഹിക്ക് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. മല്‍സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വെട്ടേറ്റത്. വീടിന് അടുത്ത് ബന്ധുക്കളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. ഇവരെ തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റു. സുരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിദാസന്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലാണ്. ഒരാഴ്ച മുമ്പ് പുന്നോലില്‍ ഉല്‍സവവുമായി ബന്ധപ്പെട്ട് സിപിഎം- ബിജെപി സംഘര്‍ഷമുണ്ടായിരുന്നു.

Tags:    

Similar News