മഴക്കെടുതി: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കണമെന്നു എസ്ഡിപിഐ
കണ്ണൂര്‍: തായത്തെരു, താവക്കര ഭാഗത്ത് റോഡുകളിലും വീടുകളിലും മഴവെള്ളം കയറി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശം കൂടുതല്‍ ദുരിതത്തിലേക്ക് പോവുന്നതിന് മുമ്പേ അധികാരികള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് എസ്ഡിപിഐ ടൗണ്‍ മേഖലാ പ്രസിഡന്റ് നവാസ് ടമിട്ടോണ്‍ ആവശ്യപ്പെട്ടു.
യൂനിവേഴ്‌സിറ്റിക്ക് വേണ്ടി താവയില്‍ മണ്ണടിച്ച് ജലാശയം നശിപ്പിക്കുമ്പോള്‍ അന്നത്തെ അധികാരികളോട് എസ്ഡിപിഐ കൃത്യമായി ഇത് ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കും എന്ന് താക്കീത് നല്‍കിയതായിരുന്നു. ആയതിനാല്‍, ഈ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇത്തരം കെടുതികള്‍ ഇനി ആവര്‍ത്തിക്കാത്ത വിധത്തില്‍ ശാസ്ത്രീയമായ പ്രതിവിധികള്‍ നടപ്പില്‍ വരുത്തണമെന്നും അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനവുമായി കണ്ണൂര്‍ കലക്ടറെ കണ്ടു കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദേശവാസികളുടെ സഹായത്തിനായി എസ്ഡിപിഐ വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങണം. നമ്മുടെ സഹോദരങ്ങളുടെ സഹായത്തിനായി എല്ലാ ജനങ്ങളും തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.