പയ്യന്നൂരില്‍ പര്‍ദാധാരി വെള്ളം ചോദിച്ച് വീട്ടമ്മയുടെ മാല കവര്‍ന്നു
പെരുമ്പ തായത്തുവയലിലെ റിട്ട.അധ്യാപകന്‍ ബി എം അബ്ബാസിന്റെ ഭാര്യ എസ് പി കുഞ്ഞാസ്യയുടെ കഴുത്തില്‍ നിന്നാണു മാല പറിച്ചെടുത്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു പര്‍ദാധാരി എത്തിയത്.
പയ്യന്നൂര്‍: നഗരമധ്യത്തിലെ വീട്ടില്‍ പര്‍ദ ധരിച്ചെത്തിയയാള്‍ വെള്ളം ചോദിച്ചു വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല കവര്‍ന്നു. പെരുമ്പ തായത്തുവയലിലെ റിട്ട.അധ്യാപകന്‍ ബി എം അബ്ബാസിന്റെ ഭാര്യ എസ് പി കുഞ്ഞാസ്യയുടെ കഴുത്തില്‍ നിന്നാണു മാല പറിച്ചെടുത്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു പര്‍ദാധാരി എത്തിയത്. വീടിന്റെ പിന്‍വശത്തു വന്ന് വെള്ളം വേണമെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. മുന്‍വശത്തേക്കു വരാന്‍ ആവശ്യപ്പെട്ടു കുഞ്ഞാസ്യ വെള്ളവുമായി വീടിന്റെ മുന്‍വശത്തെത്തിയപ്പോള്‍ ആളെ കണ്ടില്ല.
കുറച്ചു സമയം വരാന്തയില്‍ നിന്ന ശേഷം വാതില്‍ അടച്ച് അകത്തു കടന്നു. നമസ്‌കാരം കഴിഞ്ഞ് ഒന്നരയോടെ പിന്നിലെ വാതില്‍ തുറന്നപ്പോള്‍ പര്‍ദാധാരി വീണ്ടും വെള്ളം ചോദിച്ചെത്തുകയായിരുന്നു. ഭക്ഷണം വേണോ എന്നു ചോദിച്ചപ്പോള്‍ വേണ്ടെന്നും ആംഗ്യത്തിലൂടെ മറുപടി നല്‍കി.
തുടര്‍ന്ന് കുഞ്ഞാസ്യ അകത്തേക്കു കയറാന്‍ തിരിയുന്നതിനിടെ പര്‍ദാധാരി കഴുത്തില്‍ നിന്നു മാല പൊട്ടിച്ചെടുത്ത് ഓടി. ബഹളം കേട്ടു പരിസരവാസികള്‍ എത്തുമ്പോഴേക്കും കള്ളന്‍ രക്ഷപ്പെട്ടിരുന്നു. ആദ്യം വെള്ളം ചോദിച്ച ശേഷം പരിസരത്ത് ആരെങ്കിലും ഉണ്ടായിരുന്നതിനാലാകാം മാറിനിന്നതെന്നാണു പൊലിസ് കരുതുന്നത്. മോഷ്ടാവു പുരുഷനാണെന്നാണു നിഗമനം.
സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. കവര്‍ച്ച നടന്ന സമയം റോഡിലൂടെ ഒരു കാര്‍ അതിവേഗത്തില്‍ കടന്നുപോകുന്നതു ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.