കടല്‍ക്ഷോഭം: തലായി, മാക്കൂട്ടം മേഖലയില്‍ പോപുലര്‍ ഫ്രണ്ട്, എസ് ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
തലശ്ശേരി: കടല്‍ ക്ഷോഭമുണ്ടായ തലായി, മാക്കൂട്ടം മേഖലയില്‍ പോപുലര്‍ ഫ്രണ്ട്, എസ് ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എല്ലാ കാലവര്‍ഷവും ഇവിടെയുള്ളവര്‍ ഈ ദുരിതം അനുഭവിക്കുന്നുണ്ടെന്നും ആയതിനാല്‍ ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തി പ്രദേശവാസികളെ മഹാ ദുരിതത്തില്‍ നിന്ന് കരകയറ്റണമെന്ന് എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ എസ് ഡിപിഐ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങിയതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം തലശ്ശേരി സബ് കലക്ടറും മറ്റും ദുരിതബാധിത സ്ഥലം സന്ദര്‍ശിക്കുകയും ശാശ്വത പരിഹാരമായ പുലിമുട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയും ചെയ്തതാണ്. എന്നാല്‍ കടല്‍ ഭിത്തി അശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ചതിനാല്‍ അതിന്റെ ദുരന്ത ഫലമാണ് ഇപ്പോള്‍ തങ്ങള്‍ അനുഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. അതുകൊണ്ട് ശാസ്ത്രീയമായ രീതിയില്‍ പുലിമുട്ട് നിര്‍മിച്ച് ഈ ദുരിതത്തിന് അധികാരികള്‍ ഒരു ശാശ്വത പരിഹാരം കാണണം. അല്ലാത്ത പക്ഷം കൂടുതല്‍ സമര പരിപാടികളുമായി പാര്‍ട്ടിക്ക് മുന്നോട്ടുപോവേണ്ടി വരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, പോപുലര്‍ ഫ്രണ്ട് തലശ്ശേരി ഡിവിഷന്‍ സെക്രട്ടറി മുഹമ്മദ് ഷാബില്‍, എസ് ഡിപിഐ തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ശമ്മാസ്, ഫാറൂഖ്, സാദിഖ് തുടങ്ങിവര്‍ ഉള്‍പ്പെട്ട സംഘമാണ് ദുരിതബാധിത സ്ഥലം സന്ദര്‍ശിച്ചത്. പ്രദേശവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സംഘം വാഗ്ദാനം ചെയ്യുകയും ചെയ്തു.
SDPI, Popular Front leaders visited Thalayi, Makkoottam areas