കണ്ണൂര്‍: മോദീ സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ചു 'സംഘി ധനശാസ്ത്രം; ജനങ്ങളെ വിഢികളാക്കുന്നു' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം കമ്മിറ്റി കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.
ധര്‍ണ്ണ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ കരുതല്‍ ധനത്തില്‍ നിന്നും 1.76 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കില്‍ നിന്നും കടമെടുത്ത കേന്ദ്രനിലപാട് വിത്തിന് വെച്ച ധാന്യം എടുത്തു കഞ്ഞി വെക്കുന്ന വിഡ്ഢിയുടെ നിലപാടിന് തുല്യമാണെന്നും ഈ വിപത്തിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ജില്ലാ ഖജാഞ്ചി എ ഫൈസല്‍, കണ്ണൂര്‍ മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍ പി കെ, റഫീഖ് എം പി, സിറാജ് സംസാരിച്ചു.