കണ്ണൂര്‍: കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹജീവികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങാന്‍ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരോടും എസ്ഡിപി ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ എസ്ഡിപിഐ വോളന്റിയര്‍മാര്‍ ജാഗ്രതയോടെ നിലയുറപ്പിക്കണം. തൊഴിലും വരുമാനവും നഷ്ടപ്പെടുന്നവര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തങ്ങളുടെ പ്രദേശത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് സജീവമായി പങ്കാളികളാവണം. അതോടൊപ്പം സ്വയം ജാഗ്രത പുലര്‍ത്താനും പ്രവര്‍ത്തകര്‍ മറക്കരുത്. പോലിസ്, ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. തൊഴില്‍ കേന്ദ്രങ്ങളില്‍ കൊവിഡ് വ്യാപനം ഉണ്ടാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. രോഗബാധിതരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ പ്രത്യേക വോളന്റിയര്‍മാരെ പഞ്ചായത്ത് തലത്തില്‍ ഒരുക്കി നിര്‍ത്തണം. അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പരുകള്‍ ഉടന്‍ പരസ്യപ്പെടുത്തുന്നതാണ്. അതേസമയം, അനാവശ്യ ഭീതിക്കും ആശങ്കക്കും പകരം നിത്യജീവിതത്തില്‍ ജാഗ്രത പുലര്‍ത്താന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രസ്താവനയില്‍ അറിയിച്ചു.
SDPI will help those suffering from the Covid epidemic