ആദിവാസി ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഡിവൈഎഫ്‌ഐയുമായി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം
കണ്ണൂര്‍: ഇരിട്ടിക്കു സമീപം വിളക്കോട് ആദിവാസി കോളനിയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബദ്ധപ്പെട്ട് ഡിവൈഎഫ്‌ഐയ്‌ക്കെതിരേ നടത്തുന്ന വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്. കേസില്‍ പോലിസ് പ്രതിയായി ചേര്‍ത്തിട്ടുള്ള നിധീഷ് എന്നയാള്‍ക്ക് ഡിവൈഎഫ്‌ഐയുമായി യാതൊരു ബന്ധവുമില്ലെന്നും ഡിവൈഎഫ്‌ഐ നേതാവാണെന്ന രീതിയിലുള്ള പ്രചാരണം സത്യ വിരുദ്ധമാണെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിധീഷ് ഡിവൈഎഫ്‌ഐയുടെ ഏതെങ്കിലും ഒരു കമ്മിറ്റിയില്‍ അംഗമല്ല. ചില മാധ്യമങ്ങള്‍ ഇന്നലെ ഇത്തരം ഒരു വാര്‍ത്ത നല്‍കിയത് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. സംഘടനയുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് വ്യക്തമാക്കിയിട്ടും മുഖ്യധാര മാധ്യമങ്ങളില്‍ ചിലത് വ്യാജവാര്‍ത്ത ആവര്‍ത്തിച്ച് നല്‍കുകയാണ് ചെയ്തത്.
കൊവിഡ് കാലത്ത് മാതൃകാപരമായ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ഡിവൈഎഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട് ഡിവൈഎഫ്‌ഐയ്‌ക്കെതിരേ പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കാനുള്ള രാഷ്ട്രീയ ലക്ഷ്യം വച്ചു കൊണ്ട് ഇത്തരം തെറ്റായ പ്രചാരണം നടത്തുന്നത് എതിരാളികള്‍ തുടരുകയാണ്. സഹജീവികള്‍ക്കായ് രംഗത്തിറങ്ങിയ യുവതയുടെ ആത്മവിശ്വാസം തകര്‍ക്കുക കൂടി ലക്ഷ്യം വച്ചാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത്. അതിനാല്‍ അസംബന്ധ പ്രചരണങ്ങള്‍ തള്ളിക്കളയാന്‍ പൊതുസമൂഹം മുന്നോട്ടുവരണം. വസ്തുതകള്‍ പഠിച്ച് യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ടുവരണം. വിളക്കോട് ആദിവാസി പെണ്‍കുട്ടിയെ പീഢിപ്പിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറാകണമെന്നും ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
tribal girl rape case: DYFI leadership says accused has no connection with organisation