കാസര്‍കോഡ് പശുക്കടത്തിന്റെ പേരില്‍ അക്രമം: ബജ്‌റംഗ്ദള്‍ നേതാവ് പിടിയില്‍
ബജ്‌റംഗ്ദള്‍ നേതാവ് കര്‍ണാടക ബണ്ട്വാള്‍ കല്ലടുക്ക ഹനുമാന്‍ നഗര്‍ മുലറു വീട്ടിലെ അക്ഷയ് (27) ആണ് അറസ്റ്റിലായത്.
ബദിയടുക്ക: പശുക്കളെ കടത്തിയെന്ന് ആരോപിച്ച് പിക്കപ്പ് വാന്‍ െ്രെഡവറെയും സഹായിയെയും അക്രമിച്ച സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റിലായി. ബജ്‌റംഗ്ദള്‍ നേതാവ് കര്‍ണാടക ബണ്ട്വാള്‍ കല്ലടുക്ക ഹനുമാന്‍ നഗര്‍ മുലറു വീട്ടിലെ അക്ഷയ് (27) ആണ് അറസ്റ്റിലായത്. ഇയാള്‍ ബദിയടുക്ക പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
എന്‍മകജെ അടുക്കസ്ഥലയിലെ ഗണേഷ് (23), സായയിലെ രാഗേഷ് (21) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ ആറംഗ സംഘമാണ് അക്രമം നടത്തിയത്. ഇനി മൂന്ന് പേരെ പിടികൂടാനുണ്ട്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് ബദിയടുക്ക എസ്‌ഐ വി കെ അനീഷ് പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 24ന് പുലര്‍ച്ചെയാണ് എന്‍മകജെ മഞ്ചനടുക്കത്ത് പശുക്കളുമായി വരികയായിരുന്ന പിക്കപ്പ് വാന്‍ ബജ്‌റംഗ്ദളുകാര്‍ തടഞ്ഞ് കര്‍ണാടക പുത്തൂര്‍ സ്വദേശികളായ െ്രെഡവര്‍ ഹംസ (40), സഹായി അല്‍ത്താഫ് (30) എന്നിവരെ ആക്രമിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന 50,000 രൂപ കവരുകയും ചെയ്തിരുന്നു. രണ്ട് പശുവും ഒരു കിടാവും അടങ്ങുന്ന വാഹനവുമായി കടന്നുകളഞ്ഞ അക്രമികള്‍ കര്‍ണാടക വിട്ട്‌ലയില്‍ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് പ്രതികള്‍ കീഴടങ്ങിയത്. സമാന സംഭവങ്ങളിലടക്കം കാസര്‍കോട്ടും കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍.