പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍: ഇന്ത്യയില്‍ നിന്നുള്ള തുകല്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ തുകല്‍ കയറ്റുമതിയിലുണ്ടായത് വന്‍ കുറവാണ് ഉണ്ടായതെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഡിജിസിഐ&എസ്) കണക്കുകള്‍ ഉദ്ധരിച്ച് കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്‌സപോര്‍ട്ട്‌സിന്റെ സൈറ്റ് വ്യക്തമാക്കുന്നു.

Update: 2019-09-10 01:59 GMT

ന്യൂഡല്‍ഹി: പശുവുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള തുകല്‍ കയറ്റുമതി വലിയ തോതില്‍ കുറ്ഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ തുകല്‍ കയറ്റുമതിയിലുണ്ടായത് വന്‍ കുറവാണ് ഉണ്ടായതെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഡിജിസിഐ&എസ്) കണക്കുകള്‍ ഉദ്ധരിച്ച് കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്‌സപോര്‍ട്ട്‌സിന്റെ സൈറ്റ് വ്യക്തമാക്കുന്നു.

2014-15ല്‍ 6494.84 ദശലക്ഷം ഡോളറായിരുന്നു തുകല്‍ കയറ്റുമതി. എന്നാല്‍, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 5691.00 ദശലക്ഷം ഡോളറായി കയറ്റുമതി ചുരുങ്ങി. ഇടിവ് 12.37 ശതമാനം. 2013-14ല്‍ 18.39 ശതമാനമായിരുന്നു തുകല്‍ കയറ്റുമതിയിലുണ്ടായിരുന്ന വളര്‍ച്ച. എന്നാല്‍, 2014-15ന് ശേഷം കയറ്റുമതി വളര്‍ച്ച പിന്നോട്ടാണ്. ഇതിനിടയില്‍ 2017-18 ല്‍ മാത്രമാണ് തുകല്‍ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ നേരിയ വളര്‍ച്ചയുണ്ടായത്. എന്നാല്‍, അത് അടുത്തവര്‍ഷം നിലനിര്‍ത്താനായില്ല.

തുകല്‍ കയറ്റുമതി 2014-15ലെ 649 കോടി ഡോളറില്‍ നിന്ന് 2016-17ല്‍ 566 കോടി ഡോളറായി കുറഞ്ഞിരുന്നു. 12.78 ശതമാനമാണ് കയറ്റുമതിയില്‍ കുറവുണ്ടായത്. എന്നാല്‍, തുകല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മൂന്ന് ശതമാനം വളര്‍ച്ചയാണ് ഇക്കാലത്ത് ചൈന നേടിയത്. 7600 കോടി ഡോളറില്‍ നിന്ന് 2017 എത്തിയപ്പോഴേക്കും 7800 ഡോളറായി തുകല്‍ കയറ്റുമതി വളര്‍ന്നു.

ഇന്ത്യയില്‍ പശുവുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ഭൂരിഭാഗവും ഇരയാകുന്നത് മുസ്‌ലിം, ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരാണ്. 2014 മുതല്‍ 2019 ആഗസ്ത് വരെ 151 മുസ്‌ലിംകളാണ് ആക്രമിക്കപ്പെട്ടത്. ഇക്കാലയളവില്‍ 25 ദലിതരും ആക്രമിക്കപ്പെട്ടു.

തുകല്‍ വ്യവസായത്തില്‍ രാജ്യത്താകമാനം 25 ലക്ഷം ആളുകളാണ് ജോലി ചെയ്യുന്നത്. മുസ്‌ലിം, ദലിത് വിഭാഗങ്ങളില്‍ പെട്ടവരാണ് ഈ വ്യവസായത്തില്‍ കൂടുതലും ഉള്ളത്. ഇന്ത്യയുടെ തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണ് ലോകത്തിലെ ഒമ്പത് ശതമാനം പാദരക്ഷകളും നിര്‍മിക്കുന്നത്. അതിനാല്‍ത്തന്നെ കന്നുകാലി കശാപ്പ് നിരോധനം തുകല്‍ വ്യവസായത്തെയും തൊഴിലാളികളെയും കാര്യമായ രീതിയില്‍ ബാധിച്ചുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ടില്‍ പറയുന്നത്. പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ സൃഷ്ടിച്ച ഭീതി ഈ രംഗത്തുള്ള മുസ്‌ലിംകളെയും ദലിതുകളെയും വലിയ തോതില്‍ പിന്‍തിരിപ്പിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

Tags:    

Similar News