പോലിസിനെ നിയന്ത്രിക്കാനാവാത്തത് പാര്‍ട്ടിയെ കുരുക്കിലാക്കി; കാസര്‍കോട് സിപിഎം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

Update: 2022-01-22 17:04 GMT

കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ കേരളാ പോലിസിനെതിരേ രൂക്ഷവിമര്‍ശനം. പോലിസിന്റെ മിക്ക നടപടികളും പാര്‍ട്ടിയെയും ഭരണത്തെയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പോലിസിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തത് പാര്‍ട്ടിയെ വല്ലാത്ത കുരുക്കിലേക്കാണ് എത്തിച്ചതെന്നും വിമര്‍ശനമുയര്‍ന്നു. പെരിയ കൊലക്കേസിലെ പ്രതികള്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുന്നത് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും പിടിപ്പുകേടാണെന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി.

ആരോഗ്യരംഗത്ത് കാസര്‍കോട് ജില്ലയോടുള്ള അവഗണന തുടരുകയാണ്. ഒപി അനുവദിച്ചെങ്കിലും മെഡിക്കല്‍ കോളജിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന അവഗണന സര്‍ക്കാരിന് ദുഷ്‌പ്പേരുണ്ടാക്കി. തുടര്‍ഭരണം കിട്ടിയിട്ടും രണ്ടുതവണ ജയിച്ച എംഎല്‍എമാരുണ്ടായിട്ടും ഒരു മന്ത്രി സ്ഥാനം ജില്ലയ്ക്ക് കിട്ടിയില്ല. ജില്ലയ്ക്ക് മന്ത്രി സ്ഥാനം കിട്ടാതിരിക്കാന്‍ ചരടുവലി ഉണ്ടായോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

Tags:    

Similar News