കൊല്ലത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍; വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ മൃതദേഹം
കൊല്ലം: കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സ് ആണ് മരിച്ചത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. റബറുകള്‍ മുറിച്ച പറമ്പില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിക്കരിഞ്ഞ നിലയില്‍ രാവിലെയാണ് നാട്ടുകാര്‍ കണ്ടെത്തുന്നത്. അബദ്ധത്തില്‍ കാര്‍ മറിഞ്ഞ് കത്തിയതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
അതേസമയം സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തിന് സമീപത്ത് വീടുകളൊന്നുമില്ല. രാവിലെ, കത്തിയ കാര്‍ കണ്ട പ്രദേശവാസികള്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.