സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; ചിതറയില്‍ നാളെ സിപിഎം ഹര്‍ത്താല്‍
ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ചാണ് സിപിഎം ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
കൊല്ലം: സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് കൊല്ലം ചിതറയില്‍ നാളെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചിതറ വളവുപച്ച മഹാദേവര്‍കുന്ന് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (70) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വളവുപച്ച കൊച്ചു കോടാനൂര്‍ മുബീനാ മന്‍സിലില്‍ ഷാജഹാനെ (60) കടയ്ക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് മൂന്നിനായിരുന്നു സംഭവം. ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ചാണ് സിപിഎം ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ബഷീര്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വഴിക്ക് വച്ച് ഇരുവരും തമ്മില്‍വാക്ക് തര്‍ക്കമുണ്ടായി. വീട്ടിലെത്തിയ മുഹമ്മദ് ബഷീര്‍ കുളിക്കാനൊരുമ്പോള്‍ മദ്യലഹരിയില്‍ അവിടെയെത്തിയ ഷാജഹാനുമായി സംഘര്‍ഷമുണ്ടാവുകയും ഷാജഹാന്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. സിപിഎം വളവുപച്ച ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീര്‍ അവിവാഹിതനാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോപിക്കുന്നത്. ഒമ്പത് കുത്തുകളാണ് ബഷീറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. കൊല നടത്തിയ ഷാജഹാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും സിപിഎം ആരോപിക്കുന്നു. ഷാജഹാന്‍ പ്രദേശത്തെ പ്രധാനഗുണ്ടയാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.