കുടുംബശ്രീ കേരള ചിക്കന്‍: മികച്ച ആദായം കൊയ്ത് വീട്ടമ്മമാര്‍

ചുരുങ്ങിയ കാലയളവില്‍ ലഭിക്കുന്ന മികച്ച വരുമാനമാണ് കേരള ചിക്കന്‍ പദ്ധതിയെ സംരംഭകര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കുന്നത്. 1000 കുഞ്ഞുങ്ങളെ വളര്‍ത്തുന്ന യൂനിറ്റിന് ചിലവുകളെല്ലാം കഴിഞ്ഞ് 25,000 രൂപയോളം ലാഭം ലഭിക്കുന്നു. ഇത്തിക്കര ബ്ലോക്കിലെ കല്ലുവാതുക്കല്‍, ചിറക്കര, ചാത്തന്നൂര്‍ പൂതക്കുളം ഗ്രാമപഞ്ചായത്തുകളിലായി ഏഴു കേരള ചിക്കന്‍ യൂനിറ്റുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്.

Update: 2019-07-03 07:51 GMT

കൊല്ലം: കേരള ചിക്കന്‍ യൂനിറ്റിലൂടെ മികച്ച ആദായം കൊയ്ത് വീട്ടമ്മമാര്‍. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന സുരക്ഷിതമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും വര്‍ധിച്ചുവരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കാണാനും കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയാണ് ആദായകരമാകുന്നത്. ചുരുങ്ങിയ കാലയളവില്‍ ലഭിക്കുന്ന മികച്ച വരുമാനമാണ് കേരള ചിക്കന്‍ പദ്ധതിയെ സംരംഭകര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കുന്നത്.

1000 കുഞ്ഞുങ്ങളെ വളര്‍ത്തുന്ന യൂനിറ്റിന് ചിലവുകളെല്ലാം കഴിഞ്ഞ് 25,000 രൂപയോളം ലാഭം ലഭിക്കുന്നു. ഇത്തിക്കര ബ്ലോക്കിലെ കല്ലുവാതുക്കല്‍, ചിറക്കര, ചാത്തന്നൂര്‍ പൂതക്കുളം ഗ്രാമപഞ്ചായത്തുകളിലായി ഏഴു കേരള ചിക്കന്‍ യൂനിറ്റുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. പുതിയ യൂനിറ്റുകള്‍ തുടങ്ങാന്‍ തയ്യാറായി നിരവധി വീട്ടമ്മമാര്‍ മുമ്പോട്ടു വരുന്നുണ്ടെന്ന് ഇത്തിക്കര ബ്ലോക്ക് കുടുംബശ്രീ കോഡിനേറ്റര്‍ ആര്‍ രാഹുല്‍ പറഞ്ഞു.

കുടുംബശ്രീ അംഗങ്ങള്‍ക്ക് മികച്ച വരുമാനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയില്‍ കേരള പൗള്‍ട്രി കോപ്പറേഷനാണ് (കെപ്‌കോ) മുഖ്യമായി സഹകരിക്കുന്നത്. കെപ്‌കോ 40 രൂപ നിരക്കില്‍ കോഴിക്കുഞ്ഞുങ്ങളെ നല്‍കി നാല്‍പത്തിയഞ്ച് ദിവസം പ്രായമാകുമ്പോള്‍ കിലോയ്ക്ക് 85 രൂപ നിരക്കില്‍ തിരികെ വാങ്ങി സംഭരിക്കുകയും ചെയ്യും. വെന്‍കോബ് ഇനത്തില്‍പെട്ട ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കുന്നത്.

കെപ്കോയ്ക്ക് പുറമേ മറ്റുള്ളവരില്‍ നിന്നും കോഴികുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്താനുള്ള സൗകര്യവും കുടുംബശ്രീ അനുവദിക്കുന്നുണ്ട്. ഗുണഭോക്താക്കള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ 1.5 ലക്ഷം രൂപ വായ്പയായി നല്‍കുന്നുമുണ്ട്. ഈ തുക ഉപയോഗിച്ച് കോഴികുഞ്ഞുങ്ങളെയും കൂടും തീറ്റയും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാകും. സ്വന്തം നിലയ്ക്ക് ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി കേരള ചിക്കന്‍ യൂനിറ്റ് ആരംഭിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപ കുടുംബശ്രീ ജില്ലാ മിഷന്‍ സബ്സിഡിയായും നല്‍കുന്നു.

ജില്ലയില്‍ 85ലധികം ഇത്തരം യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ 1.05 കോടി രൂപ കുടുംബശ്രീ ജില്ലാ മിഷന്‍ വായ്പയായി അനുവദിച്ചു. ആയിരം, അഞ്ഞൂറ് കോഴികുഞ്ഞുങ്ങളെയാണ് ഒരു യൂനിറ്റിന് അനുവദിക്കുന്നത്. സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് മികച്ച വരുമാനമാവുകയാണ് കേരള ചിക്കന്‍ പദ്ധതി.

Tags:    

Similar News