'നാനോ ഇന്ത്യ 2019' ദേശീയ കോണ്‍ഫറന്‍സ് 26 മുതല്‍ എംജി സര്‍വകലാശാലയില്‍
എംജി സര്‍വകലാശാലയും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും സംയുക്തമായാണ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാനോ ഇന്ത്യ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
കോട്ടയം: നാനോ സയന്‍സ്, നാനോടെക്‌നോളജി മേഖലയിലെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന 'നാനോ ഇന്ത്യ 2019' ദേശീയ കോണ്‍ഫറന്‍സ് ഏപ്രില്‍ 26, 27 തിയ്യതികളില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടക്കും. എംജി സര്‍വകലാശാലയും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും സംയുക്തമായാണ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാനോ ഇന്ത്യ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഊര്‍ജം, ആരോഗ്യപരിചരണം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ രാജ്യത്ത് നടക്കുന്ന നാനോടെക്‌നോളജി ഗവേഷണഫലങ്ങള്‍ ചര്‍ച്ച ചെയ്യും. 26ന് രാവിലെ ഒമ്പതിന് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ പ്രഫ. സി എന്‍ ആര്‍ റാവു കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിക്കും.
പ്രഫ. അജയ് കെ സൂദ്, ഐഐയുസിഎന്‍എന്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍, കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ദേശീയ ഗവേഷണ പുരസ്‌കാര ജേതാവ് പ്രഫ. ഒ എന്‍ ശ്രീവാസ്തവ, യുവ ഗവേഷണ അവാര്‍ഡ് ജേതാക്കളായ ഡോ. മുരളി ബനാവത്, ഡോ. ദീപാങ്കള്‍ മണ്ഡല്‍ എന്നിവര്‍ പങ്കെടുക്കും. കോണ്‍ഫറന്‍സില്‍ പ്രഫ. ഒ എന്‍ ശ്രീവാസ്തവ, പ്രഫ. ഡി ഡി ശര്‍മ, പ്രഫ. പുഷന്‍ അയ്യൂബ്, പ്രഫ. ജോര്‍ജ് കെ തോമസ്, പ്രഫ. സാബു തോമസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള 34 പേര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.