മീഞ്ചന്തയില്‍ 15 ഓളം കടകള്‍ കുത്തിത്തുറന്ന് മോഷണം

മീഞ്ചന്ത തേജസ് ന്യൂസ് ഓഫിസിന്റെ സമീപത്തെ കടകളുടെ ഷട്ടറുകളുടെ പൂട്ടുപൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. മോഷണത്തിനുപയോഗിച്ചെന്ന് കരുതുന്ന കമ്പിപ്പാര സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

Update: 2019-12-24 06:33 GMT

കോഴിക്കോട്: നഗരത്തില്‍ മീഞ്ചന്തയ്ക്ക് സമീപം 15 ഓളം കടകള്‍ കുത്തിത്തുറന്ന് മോഷണം. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. മീഞ്ചന്ത തേജസ് ന്യൂസ് ഓഫിസിന്റെ സമീപത്തെ കടകളുടെ ഷട്ടറുകളുടെ പൂട്ടുപൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. മോഷണത്തിനുപയോഗിച്ചെന്ന് കരുതുന്ന കമ്പിപ്പാര സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. നല്ലളം സിഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

സമീപത്തെ ഫര്‍ണിച്ചര്‍ കടയുടെ ഗ്ലാസും മോഷ്ടാവ് അടിച്ചുതകര്‍ത്തിട്ടുണ്ട്. കടകളില്‍നിന്ന് വലിയ തുകയൊന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക വിവരമെന്ന് നല്ലളം സിഐ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തിവരികയാണ്. കടയുടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമാനരീതിയില്‍ മോഷണം നടത്തുന്ന വയനാട് സ്വദേശിയെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണെന്നും സിഐ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News