കോഴിക്കോട്ട് അന്താരാഷ്ട്ര നിലവാരമുളള ഫുട്ബാള്‍ അക്കാദമി വരുന്നു

മലബാര്‍ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷന്‍ എംഎസ്ആര്‍എഫ് എന്ന പേരില്‍ 2022 സെപ്തംബറില്‍ ലോകോത്തര നിലവാരമുള്ള അക്കാദമി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും. ഡീഗോ മറഡോണ ഉള്‍പ്പെടെ നിരവധി ലോകോത്തര ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുത്ത ഫുട്‌ബോള്‍ അക്കാദമിയായ അര്‍ജന്റീനോസ് ജൂണിയേഴ്‌സുമായി കൈകോര്‍ത്താണ് എംഎസ്ആര്‍എഫ് പ്രവര്‍ത്തിക്കുക.

Update: 2022-05-07 08:53 GMT

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര നിലവാരവമുള്ള ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി ഫുട്‌ബോള്‍ അക്കാദമി വരുന്നു. മലബാര്‍ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷന്‍ എംഎസ്ആര്‍എഫ് എന്ന പേരില്‍ 2022 സെപ്തംബറില്‍ ലോകോത്തര നിലവാരമുള്ള അക്കാദമി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും. ഡീഗോ മറഡോണ ഉള്‍പ്പെടെ നിരവധി ലോകോത്തര ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുത്ത ഫുട്‌ബോള്‍ അക്കാദമിയായ അര്‍ജന്റീനോസ് ജൂണിയേഴ്‌സുമായി കൈകോര്‍ത്താണ് എംഎസ്ആര്‍എഫ് പ്രവര്‍ത്തിക്കുക.

കോച്ചുകള്‍ക്കും കളിക്കാര്‍ക്കും അര്‍ജന്റീനോസ് ജൂണിയേഴ്‌സ് പരിശീലനം നല്‍കും. ഇതിനായി അവരുടെ രണ്ട് കള്‍സല്‍ട്ടന്റ് കോച്ചുകളുടെ സേവനം ലഭ്യമാക്കും. ഇതു സംബന്ധിച്ച കരാര്‍ മെയ് 10ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഒപ്പ് വയ്ക്കും.

അര്‍ജന്റീനോസ് ജൂണിയേഴ്‌സ് വൈസ് പ്രസിഡന്റ് ജാവിയര്‍ പെഡര്‍സോളി, ബോര്‍ഡ് മെമ്പര്‍ കെവിന്‍ ലിബ്‌സ് ഫ്രെയിന്റ്, വിക്ടര്‍ മഞ്ഞില, ഭവന്‍സ് കോഴിക്കോട് കേന്ദ്രം ചെയര്‍മാന്‍ എകെബി നായര്‍, പത്മശ്രീ ജേതാവായ എംഎസ്ആര്‍എഫ് ഡയറക്ടര്‍ ബ്രഹ്മാനന്ദ സങ്വാക്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഫൂട്‌ബോള്‍ അക്കാദമിയുടെയും ക്ലബ്ബിന്റെയും പേര് പ്രഖ്യാപിക്കലും ഫുട്‌ബോള്‍ ടീമിന്റെ ലോഗോ പ്രകാശനവും ഫുട്‌ബോള്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗും തദവസരത്തില്‍ നടക്കും. വിക്ടര്‍ മഞ്ഞില മുഖ്യ പ്രഭാഷണം നടത്തും.

മുന്‍ ഗോവ ചീഫ് സെക്രട്ടറി ബി വിജയന്‍ ഐഎഎസ് ആണ് എംഎസ്ആര്‍എഫ് ചെയര്‍മാന്‍. മുന്‍ തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്‌കന്ദന്‍ കൃഷ്ണന്‍ ഐഎഎസ്, മുന്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ പോള്‍ ജോര്‍ജ്ജ് ഐആര്‍എസ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറും നിലവില്‍ ഗോവ ഫുട്‌ബോള്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമായ ബ്രഹ്മാനന്ദ സങ്വാക്കര്‍, ചെന്നൈ അവലോണ്‍ ടെക്‌നോളജീസ് സിഎംഡി ഇമ്പിച്ചഹമ്മദ്, ഡോ. മനോജ് കാളൂര്‍, ആര്യ വൈദ്യ വിലാസിനി വൈദ്യശാല എന്നിവര്‍ ഡയറക്ടര്‍മാരുമാണ്. വിദേശകാര്യ മന്ത്രാലയം മുന്‍ ജോ. സെക്രട്ടറിയും നിരവധി രാജ്യങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയുമായിരുന്ന സജീവ് ബാബു കുറുപ്പ് എംഎസ്ആര്‍എഫിന്റെ എംഡിയും സിഇഒയുമായെത്തും. ജൂണ്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.

ആദ്യ ഘട്ടത്തില്‍ പെരും തുരുത്തിയിലെ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന്റെ മൈതാനമായിരിക്കും പരിശീലനത്തിനായി ഉപയോഗിക്കുക. ഇതിനായി എംഎസ്ആര്‍എഫും ഭവന്‍സും തമ്മില്‍ കരാറായിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ കോഴിക്കോട്ട് 10 ഏക്കര്‍ സ്ഥലത്ത് 350 മുതല്‍ 400 വരെ കുട്ടികളെ താമസിപ്പിച്ച് പരിശീലിപ്പിക്കാവുന്ന റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യം. 2013ലെ കമ്പനി ആക്ട് സെക്ഷന്‍ (8) പ്രകാരം റജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് എംഎസ്ആര്‍എഫ്. വാര്‍ത്താ സമ്മേളനത്തില്‍ എംഎസ്ആര്‍എഫ് നിയുക്ത സിഇഒ സജീവ് ബാബു കുറുപ്പ്, ഡയറക്ടര്‍ ഡോ. മനോജ് കാളൂര്‍ എന്നിവരും പങ്കെടുത്തു.

Tags:    

Similar News