ഏറനാട്ടില്‍ ഫുട്‌ബോള്‍ അക്കാദമിക്ക് തുടക്കമിട്ടു
മെമ്പര്‍ഷിപ്പ് കാംപയിന്‍ ഫുട്‌ബോള്‍താരം അനസ് എടതൊടിക ഉദ്ഘാടനം ചെയ്തു.
അരീക്കോട്: ഫുട്‌ബോള്‍ രംഗത്ത് ശാസ്ത്രീയ പരിശീലനം നല്‍കുന്നതിന് ഏറനാട്ടില്‍ ഫുട്‌ബോള്‍ അക്കാദമിക്ക് കളമൊരുങ്ങുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്തത് ഏറനാട്ടില്‍ നിന്നാണ്. അരീക്കോട്, കാവനൂര്‍, കീഴുപറമ്പ്, ഊര്‍ങ്ങാട്ടീരി പഞ്ചായത്തുകളിലായി പത്ത് ഏക്കര്‍ സ്ഥലത്ത് അക്കാദമി ആരംഭിക്കാനാണ്പദ്ധതി. പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നതിന്നായി ബജറ്റില്‍ 12.80 കോടി രൂപ വകയിരുത്തിയതായി ഏറനാട് ഫുട്‌ബോള്‍ അക്കാദമി ഭാരവാഹികളായ അസൈന്‍ കാരാട്, യു ഷറഫലി, കാഞ്ഞിരാല അബ്ദുല്‍ കരീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫുട്‌ബോളില്‍ വിദ്യാര്‍ഥികളെ ശാസ്ത്രീയമായി പരിശീലിപ്പിക്കുക, ആവശ്യമായ വൈദ്യസഹായം നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. എല്‍പി മുതല്‍ കോളജ്തലം വരെയുള്ള കുട്ടികള്‍ക്ക് ഫുട്‌ബോളില്‍ പരിശീലനം നല്‍കി അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുകയെന്നതാണ് അക്കാദമിയുടെ ലക്ഷ്യം. ഫുട്‌ബോള്‍ അക്കാദമിയുടെ കീഴില്‍ ശനിയാഴ്ച അരീക്കോട് ജിം ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സെമിനാര്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം ഐ എം വിജയന്‍ നിര്‍വഹിക്കും. കമാല്‍ വരദൂര്‍, ഡോ. അബ്ദുല്ല ഖലീല്‍ സംബന്ധിക്കും.
അക്കാദമിയില്‍ 500 പേരെ സ്ഥിരം അംഗങ്ങളായി ചേര്‍ക്കും. മെമ്പര്‍ഷിപ്പ് കാംപയിന്‍ ഫുട്‌ബോള്‍താരം അനസ് എടതൊടിക ഉദ്ഘാടനം ചെയ്തു.