കുറ്റ്യാടിയിലെ സ്‌കൂളില്‍ ബിജെപി പൂജ നടത്തി;പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്ത് പോലിസ്
കോഴിക്കോട്: സ്‌കൂളില്‍ പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്ത് പോലിസ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍.പി. സ്‌കൂളിലാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂജ നടത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സ്‌കൂള്‍ മൈതാനത്ത് രണ്ട് കാറുകള്‍ നിര്‍ത്തിയിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പൂജ നടക്കുന്നത് ശ്രദ്ധയില്‍പെട്ടത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്റേയും സംഘത്തിന്റേയും നേതൃത്വത്തിലായിരുന്നു പൂജ. സ്‌കൂളില്‍ പൂജ നടക്കുന്ന വിവരം അറിഞ്ഞ് നാട്ടുകാരും സി.പി.എം. പ്രവര്‍ത്തകരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു.
രാത്രി 11 മണിയോടെ കൂടുതല്‍ നാട്ടുകാര്‍ സ്‌കൂളിലെത്തുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് തൊട്ടില്‍പാലം പോലിസ് സ്ഥലത്തെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. ഇതോടെയാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം. ഇന്ന് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും.