കോഴിക്കോട് ബൈപാസ് വികസനം: കരാര്‍ കമ്പനിയുടെ അനാസ്ഥ അനുവദിക്കില്ലെന്ന് മന്ത്രി
ബന്ധപ്പെട്ട് കരാര്‍ കമ്പനിയെ മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് യോഗം ചേരും
കോഴിക്കോട്: സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി വൈകിക്കുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥയില്‍ ശക്തമായി ഇടപെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കരാര്‍ കമ്പനിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ആറുവരിയായി വികസിപ്പിക്കുന്നത്. 2018 ഏപ്രിലില്‍ കരാര്‍ ഉറപ്പിച്ച ഏഴു മേല്‍പാലങ്ങള്‍ ഉള്‍പ്പെടെയുള്ള ബൃഹദ് പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപ്പാത. രണ്ടു വര്‍ഷമായിരുന്നു കരാര്‍ കാലാവധി. 2020ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ കരാര്‍ കമ്പനിയുടെ അനാസ്ഥ കാരണം നിര്‍മാണപ്രവൃത്തി നടന്നില്ല. കെഎംസി കണ്‍സ്ട്രഷന്‍ കമ്പനിയാണ് കരാറുകാര്‍.
മഴക്കാലത്ത് ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെടുന്നത് യാത്രക്കാരുടെ മരണത്തിന് ഇടയാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി തവണ കത്തെഴുതിയിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ കരാറുകാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഒരുതരത്തിലും ഇത്തരം സമീപനം പ്രോല്‍സാഹിപ്പിക്കില്ല. പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയെ മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് യോഗം ചേരും. കോഴിക്കോട് ബൈപാസ് ആറുവരിപ്പാത വികസനവും മാഹി ബൈപാസും വളരെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. റോഡ് പ്രവൃത്തിയുടെ വേഗത കൂട്ടാന്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുമായി സംസാരിക്കാന്‍ ഡല്‍ഹിയിലേക്ക് ഒരുസംഘം ഉടന്‍ പോവുമെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം വി ശ്രേയാംസ് കുമാര്‍ എംപി, എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ പി ടി എ റഹീം, കാനത്തില്‍ ജമീല, തോട്ടത്തില്‍ രവീന്ദ്രന്‍, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ കലക്ടര്‍ സാംബശിവ റാവു, കരാര്‍ കമ്പനി പ്രതിനിധികള്‍, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Kozhikode bypass development: negligence of contract company will not be allowed-Minister