പെട്രോൾ പമ്പിൽ നിന്ന് പുകവലിച്ചത് ചോദ്യം ചെയ്തതിന് പമ്പ് ജീവനക്കാരെ മർദ്ദിച്ചു
പെട്രോൾ പമ്പിൽ പുകവലിക്കാൻ പാടില്ലെന്ന് ജീവനക്കാർ ഇവരോട് പറഞ്ഞു. പ്രകോപിതരായ സംഘം മനേജരെയും ജീവനക്കാരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ പെട്രോൾ പമ്പിൽ നിന്ന് പുകവലിച്ചത് ചോദ്യം ചെയ്തതിന് പമ്പ് ജീവനക്കാരെ മർദ്ദിച്ചു. ഇന്ധനം നിറയ്ക്കാൻ ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ചത്. കൂടരഞ്ഞി ഫ്യുവൽ വാലി പെട്രോൾ പമ്പിൽ രാവിലെ 9.30 ഓടെയാണ് സംഭവം.
ഒരു ബൈക്കിലും കാറിലുമായി പെട്രോൾ അടിക്കാൻ വന്ന ബര്‍ണിഷ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പമ്പിലെത്തി പുകവലിക്കുകയായിരുന്നു. പെട്രോൾ പമ്പിൽ പുകവലിക്കാൻ പാടില്ലെന്ന് ജീവനക്കാർ ഇവരോട് പറഞ്ഞു. പ്രകോപിതരായ സംഘം മനേജരെയും ജീവനക്കാരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും കൂട്ടം ചേര്‍ന്ന് അസഭ്യം പറയുകയും ചെയ്തു.
മർദ്ദനത്തിൽ സാരമായ പരിക്കേറ്റ രത്നാകരനെയും ദിലീപിനെയും അടുത്തുളള സ്വകാര്യ ആശുപുത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ പമ്പ് ജീവനക്കാരന്‍ പോലിസിൽ പരാതി നൽകി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നാളെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് തിരുവമ്പാടി പോലിസ് അറിയിച്ചു.