മുന്നാക്ക സംവരണം: എസ്ഡിപിഐ എംപി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കോഴിക്കോട് എംപി എം കെ രാഘവന്‍, വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ ഓഫിസിലേക്കായിരുന്നു മാര്‍ച്ച്.
കോഴിക്കോട്: മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്ത എംപിമാരുടെ ഓഫിസുകളിലേക്ക് നടത്തിയ എസ്ഡിപിഐ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കോഴിക്കോട് എംപി എം കെ രാഘവന്‍, വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ ഓഫിസിലേക്കായിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസത്തിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാരിന്റെയും അതിന് പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും നടപടി ഭരണഘടനയുടെ അന്തസത്ത തകര്‍ക്കുന്നതും അവര്‍ണ ജനതയോടുള്ള വഞ്ചനയുമാണെന്ന് വടകരയില്‍ മാര്‍ച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു.
ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മുഖ്യധാരയിലും അധികാരവ്യവസ്ഥയിലും അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഭരണഘടനയില്‍ സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിനുള്ള തിരുത്തല്‍ നടപടിയാണത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ബദല്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി, സെക്രട്ടറി ജലീല്‍ സഖാഫി, ജില്ലാ കമ്മറ്റിയംഗം കബീര്‍ തിക്കോടി, വടകര മണ്ഡലം പ്രസിഡണ്ട് സാലിം അഴിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോട് എംപി എം കെ രാഘവന്റെ ഓഫിസിലേക്ക് നടന്ന മാര്‍ച്ച് സംസ്ഥാന കമ്മിറ്റിയംഗം ഡോ. സി എച്ച് അഷ്‌റഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് മുസ്തഫ പാലേരി, സെക്രട്ടറി വാഹിദ് ചെറുവറ്റ, ട്രഷറര്‍ റഷീദ് ഉമരി, ജില്ലാ കമ്മിറ്റിയംഗം അബ്ദുല്‍ ഖയ്യൂം തുടങ്ങിയവര്‍ സംസാരിച്ചു.