വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒന്നിപ്പ് പര്യടനത്തിന് കോഴിക്കോട് ജില്ലയില്‍ തുടക്കം
കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന കേരള പര്യടനം 'ഒന്നിപ്പി'ന്റെ കോഴിക്കോട് ജില്ലാ പര്യടനത്തിന് തുടക്കമായി. ഇനി മൂന്ന് നാള്‍ കോഴിക്കോടുണ്ടാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു കൊണ്ടാണ് ഇന്ന് രാവിലെ ജില്ലയിലെ പര്യടനം ആരംഭിച്ചത്. റസാഖ് പാലേരിക്കൊപ്പം ദേശീയ സെക്രട്ടറി ഇ സി ആയിശ, സംസ്ഥാന ജനറല്‍ സെക്രട്ടറി ജബീന ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം, സെക്രട്ടറി ഉഷാകുമാരി, ജില്ലാ പ്രസിഡന്റ് ടി കെ മാധവന്‍, ജില്ലാ നേതാക്കള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
'രാഷ്ട്രീയ - സാമൂഹിക - സമുദായ രംഗത്തെ സവിശേഷ നിലപാടുകള്‍ കൊണ്ട് കേരളീയ മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ സമാദരണീയ വ്യക്തിത്വമാണ് ജിഫ്രി മുത്തുക്കോയ തങ്ങളെ കൂടിക്കാഴ്ചക്ക് ശേഷം റസാഖ് പാലേരി അഭിപ്രായപ്പെട്ടു. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ആശയങ്ങള്‍ക്കെതിരെ മത - രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും നേതാക്കളും ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഊന്നിപ്പറഞ്ഞു.