വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക; വെല്‍ഫെയര്‍ പാര്‍ട്ടി പ്രചരണം ഒക്ടോബര്‍ 5 മുതല്‍ 25 വരെ
പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലുടനീളം വിശദീകരണ യോഗങ്ങളും കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കും.പ്രചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ 5 ന് ആലുവ ബാങ്ക് കവലയില്‍ സംസ്ഥാന പ്രസിഡന്റ്് ഹമീദ് വാണിയമ്പലം നിര്‍വ്വഹിക്കും.
കൊച്ചി : കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തെ ഗുരുതരമായി ബാധിക്കും വിധം നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരയും മതസമുദായങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനിരിക്കുന്ന വിഭജന രാഷ്ട്രീയത്തെ ചെറുക്കാനും വെല്‍ഫെയര്‍ പാര്‍ട്ടി ഒക്ടോബര്‍ 5 മുതല്‍ 25 വരെ കേരളത്തില്‍ വിപുലമായ പ്രചരണങ്ങള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്് സുരേന്ദ്രന്‍ കരിപ്പുഴ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലുടനീളം വിശദീകരണ യോഗങ്ങളും കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കും. വിവിധ മത സാമൂഹ്യ നേതാക്കളുമായി ആശയവിനിമയം നടത്തുകയും ഗൃഹസന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. പ്രചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ 5 ന് ആലുവ ബാങ്ക് കവലയില്‍ സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിര്‍വ്വഹിക്കും.
രാജ്യത്ത് സംഘ്പരിവാറിന്റെ വംശീയ വിഭാഗീയ നീക്കങ്ങള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് രൂപപ്പെട്ട സാമൂഹ്യ പശ്ചാത്തലം ഉപയോഗപ്പെടുത്തി കടുത്ത ഇസ്ലാമോഫോബിയയും വര്‍ഗീയതയും പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമം നടത്തി വരികയാണ്. പാല ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിദ്വേഷ ആരോപണം അത്തരത്തിലുള്ള ഒന്നായിരുന്നു.ലൗജിഹാദ്, മുസ്!ലിം ജനസംഖ്യ വര്‍ധനവ്, മുസ്‌ലിം മൂലധന ഭീതി, കാമ്പസ് കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ റിക്രൂട്ട്‌മെന്റ്, മയക്കുമരുന്നുപയോഗിച്ചുള്ള മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ എവിടെയും തെളിയിക്കപ്പെടാത്തതും അന്വേഷണ ഏജന്‍സികളും കോടതിയും തള്ളിക്കളഞ്ഞ കാര്യവുമാണെന്നും സുരേന്ദ്രന്‍ കരിപ്പുഴ വ്യക്തമാക്കി.
കേരളത്തില്‍ നാളിതുവരെ വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത വര്‍ഗീയ രാഷ്ട്രീയത്തെ പൊതുസമ്മതമുള്ള മറ്റു സംവിധാനങ്ങളിലൂടെ സ്ഥാപിച്ചെടുക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയാണ് ഇപ്പോള്‍ വിജയിച്ച് കൊണ്ടിരിക്കുന്നത്.പാല ബിഷപ്പ് നടത്തിയ വിദ്വേഷ പരാമര്‍ശം ഗുരുതരമായ ആഘാതമാണ് സമൂഹത്തിലുണ്ടാക്കിയത്. ഇത് മതവിദ്വേഷം പരത്തുന്ന ക്രിമിനല്‍ കുറ്റമായിട്ടും കേരള സര്‍ക്കാര്‍ ഇതിനെതിരെ നിയമപരമായ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സജീദ് ഖാലിദ്,ജ്യോതിവാസ് പറവൂര്‍,കെ എച്ച് സദഖത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.