പയ്യോളിയിലെ ഡ്രോണില്‍ കുടുങ്ങിയത് കളിച്ചുല്ലസിക്കുന്നവര്‍; നടപടിക്കൊരുങ്ങി പോലിസ്

Update: 2020-04-09 15:32 GMT

പയ്യോളി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ മറികടന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ പോലിസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഡ്രോണ്‍ സംവിധാനം പയ്യോളിയിലും ശക്തമാക്കി. തിക്കോടി കല്ലകത്ത് കടപ്പുറം, പയ്യോളി ഗാന്ധിനഗര്‍ പരിസരം, കോട്ടക്കല്‍ കൊളാവിപ്പാലം തീരപ്രദേശം എന്നിവിടങ്ങളില്‍ ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് പ്രദേശവാസികള്‍ വിവിധ കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ചിത്രങ്ങള്‍ പരിശോധിച്ച് ഇവര്‍ക്കെതിരേ കേസെടുക്കാനാണ് പോലിസ് നീക്കം.

    തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപത്തെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ ചീട്ട് കളി നടക്കുന്നതായും പോലിസിന് ബോധ്യപെട്ടിട്ടുണ്ട്. ഡ്രോണ്‍ കാമറ ഉപയോഗിച്ച് കിലോമീറ്ററുകള്‍ അകലെ വച്ചും ആളുകളുടെ നീക്കം നിരീക്ഷിക്കാനാവും. വരും ദിവസങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം പയ്യോളിയില്‍ ശക്തമാക്കാനാണ് പോലിസിന്റെ തീരുമാനം. പയ്യോളി ഇന്‍സ്‌പെക്ടര്‍ എം ആര്‍ ബിജു, എസ് ഐമാരായ പി എം സുനില്‍കുമാര്‍, സി കെ സുജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡ്രോണ്‍ പറത്തിയുള്ള പരിശോധന.




Tags:    

Similar News