വാക്‌സിന്‍ വിതരണം: സ്വകാര്യ ആശുപത്രികളില്‍ സൗകര്യമൊരുക്കാന്‍ ധാരണ
. കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേര്‍ത്തത്.
കോഴിക്കോട്: ജില്ലയില്‍ വാക്‌സിന്‍ വിതരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാകളക്ടര്‍ ഡോ. എം തേജ് ലോഹിത് റെഡ്ഢി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു.
എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ സൗകര്യം ഒരുക്കുന്നതിന് യോഗത്തില്‍ ധാരണയായി. കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേര്‍ത്തത്. കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും സംസ്ഥാന തലത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ആര്‍സി എച്ച് ഓഫീസര്‍ ടി മോഹന്‍ദാസ്, സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പ്രതിനിധി ലിനോജ്, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.