സംസ്ഥാനത്തെ ആദ്യ മാലിന്യമുക്ത മുനിസിപ്പാലിറ്റിയായി വടകര; പ്രഖ്യാപനം അടുത്തമാസം
അജൈവ മാലിന്യ ശേഖരണത്തിന് ഓരോ ക്ലസ്റ്റര്‍ തലങ്ങളില്‍ ശേഖരണ കേന്ദ്രങ്ങളും വാര്‍ഡ് തലങ്ങളില്‍ മിനി എം സി എഫും മുനിസിപല്‍തലത്തില്‍ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന് നഗരഹൃദയത്തില്‍ തന്നെ ഒരു എംആര്‍എഫ് ഉം ഉണ്ട്.
വടകര: മൂന്നുവര്‍ഷത്തെ നിരന്തരമായ ഇടപെടലുകളുടെ ഫലമായി വടകര മുനിസിപ്പാലിറ്റി സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ശുചിത്വ പദവിയിലേക്ക്. ആഗസ്ത് ആദ്യവാരം ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. 2017 ജൂലൈ മാസത്തിലാണ് വടകര മുനിസിപ്പാലിറ്റി മാലിന്യമുക്തമാക്കാന്‍ ക്ലീന്‍ സിറ്റി -ഗ്രീന്‍ സിറ്റി- സീറോ വേസ്റ്റ് വടകര എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. 63 ഹരിതകര്‍മ്മസേന അംഗങ്ങള്‍ 47 വാര്‍ഡുകളിലായി പതിനെട്ടായിരം വീടുകളും 7000 കടകളില്‍ നിന്നുമാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ ഓരോ വാര്‍ഡിലെയും വീടുകളെ 50 വീതമുള്ള ക്ലസ്റ്ററുകള്‍ ആക്കി ഓരോന്നിനും ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ ക്ലസ്റ്റര്‍ ലീഡര്‍ ആയും കൗണ്‍സിലറെ സഹായിക്കാന്‍ വാര്‍ഡില്‍ ഒരു ഗ്രീന്‍ വാര്‍ഡ് ലീഡറെ യും തിരഞ്ഞെടുത്താണ് പ്രവര്‍ത്തനമാരംഭിച്ചത്.
അജൈവ മാലിന്യ ശേഖരണത്തിന് ഓരോ ക്ലസ്റ്റര്‍ തലങ്ങളില്‍ ശേഖരണ കേന്ദ്രങ്ങളും വാര്‍ഡ് തലങ്ങളില്‍ മിനി എം സി എഫും മുനിസിപല്‍തലത്തില്‍ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന് നഗരഹൃദയത്തില്‍ തന്നെ ഒരു എംആര്‍എഫ് ഉം ഉണ്ട്. ഹരിത കര്‍മ്മ സേന അംഗങ്ങളില്‍ നിന്ന് തന്നെ അഞ്ച് പേര്‍ വീതമുള്ള അഞ്ച് ഗ്രൂപ്പുകളിലായി പരിസ്ഥിതിസൗഹൃദ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ ഷോപ്പ്, ഇലക്ട്രോണിക് വേസ്റ്റുകള്‍ റിപ്പയര്‍ ചെയ്യുന്ന റിപ്പയര്‍ ഷോപ്പ്, ഉപയോഗിച്ചു കഴിഞ്ഞ വസ്ത്രങ്ങളും മറ്റു ഉല്‍പ്പന്നങ്ങളും കൈമാറ്റം ചെയ്യുന്ന സ്വാപ്പ് ഷോപ്പ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന് ഡിസ്പോസിബിള്‍ പാത്രങ്ങള്‍ക്ക് ബദലായുള്ള പ്ലേറ്റ്, ഗ്ലാസ് എന്നിവ നല്‍കുന്ന റെന്റ് ഷോപ്പ്, കൃഷി ചെയ്തുകൊടുക്കുന്ന ഗ്രീന്‍ ആര്‍മി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. 82 ശതമാനം വീടുകളില്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന സംവിധാനങ്ങളും ബാക്കിയുള്ളവര്‍ക്ക് ഈ വര്‍ഷം അവ നല്‍കുകയും ചെയ്യും.
92 ശതമാനം വീടുകളില്‍ നിന്നും യൂസര്‍ ഫീ ഹരിതകര്‍മ്മസേനക്ക് നല്‍കി അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറുന്നു. പൊതുസ്ഥലങ്ങളിലുള്ള മാലിന്യം ഘട്ടംഘട്ടമായി നീക്കംചെയ്ത് വലിച്ചെറിയല്‍ ശീലം ഒഴിവാക്കുന്നതിന് നിരന്തരമായ ജാഗ്രതയാണ് ആരോഗ്യവിഭാഗം ചെയ്തു വരുന്നത്. കരിമ്പനത്തോട് ശുദ്ധീകരിക്കുന്നതിന് ഹരിത കര്‍മ്മ സേന ഒരു ബോട്ട് വാങ്ങുകയും അത് ഉപയോഗിച്ച് ജനപങ്കാളിത്തത്തോടെ ഒരാഴ്ച നീണ്ടുനിന്ന തോട് ശുചീകരണവും നടത്തി. ഇപ്പോള്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് തീരം കെട്ടി സംരക്ഷിച്ച മനോഹരമായി നിലനിര്‍ത്തുന്ന പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കയാണ്. എല്ലാ വീടുകളില്‍ നിന്നും ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനം സ്ഥാപിക്കുന്നതിനോടൊപ്പം പൊതുഇടങ്ങളില്‍ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് തുമ്പൂര്‍മുഴി മോഡല്‍ കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് കുലച്ചന്ത, മുനിസിപ്പല്‍ ഓഫീസ് പരിസരം, ടൗണ്‍ഹാള്‍ പരിസരം, പോലീസ് സ്റ്റേഷന്‍, ജെ. ടി. എസ് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും കമ്പോസ്റ് പിറ്റ്, ബിന്നുകള്‍ സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗ്രീന്‍ ഓഡിറ്റിംഗ്, പൊതുജനങ്ങള്‍ക്കിടയില്‍ സോഷ്യല്‍ ഓഡിറ്റിംഗ് എന്നിവ നടത്തി.
മാലിന്യനിര്‍മാര്‍ജന മേഖലയിലും ജല സംരക്ഷണ മേഖലയിലും മുഖ്യമന്ത്രിയുടെ സംസ്ഥാനതല ഹരിത കേരള അവാര്‍ഡ് ഉള്‍പ്പെടെ 10അവാര്‍ഡുകള്‍ വടകര നഗരസഭക്ക് ഈ കാലയളവില്‍ ലഭിച്ചിട്ടുണ്ട്. ഹരിതകര്‍മ്മസേന യുടെ പ്രവര്‍ത്തന മികവ് പരിഗണിച്ച് മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഹരിയാലി ഹരിതകര്‍മ്മസേനയെ ഒരു ഹരിത സഹായ സ്ഥാപനം ആക്കിമാറ്റി സര്‍ക്കാര്‍ അംഗീകാരം നല്കുകയുണ്ടായി. ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍ക്ക് 63 കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുന്നതോടൊപ്പം വടകര മുനിസിപ്പാലിറ്റിയെ സംസ്ഥാനത്തെ തന്നെ ആദ്യ സമ്പൂര്‍ണ്ണ മാലിന്യ മുക്ത ശുചിത്വ പദവിയില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണെന്ന് ചെയര്‍മാന്‍ കെ ശ്രീധരന്‍ അറിയിച്ചു.