പെരിന്തല്‍മണ്ണ: പാതായ്ക്കര മനപ്പടിയില്‍ ജനവാസ കേന്ദ്രത്തിലെ സിമന്റ് മിക്‌സര്‍ യൂണിറ്റിനെതിരെ പ്രതിഷേധം ശക്തമാക്കി ജനകീയ സമരസമിതി. സിമന്റ് മിക്‌സിങ് പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാശ്യപ്പെട്ട് നഗരസഭ ഓഫിസിനു മുമ്പില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ്ണ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വക്കറ്റ് പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു.
പ്രകൃതിയെ ചൂഷണം ചെയ്ത് ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാകുന്ന നടപടിയില്‍ നിന്നും അധികാരികള്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ഞളാംകുഴി അലി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയര്‍മാന്‍ വി ബാബുരാജ് അധ്യക്ഷത വഹിച്ചു. എം എം സക്കീര്‍ ഹുസൈന്‍, താമരത്ത് ഉസ്മാന്‍, പി എസ് രാധാകൃഷ്ണന്‍, പച്ചീരി ഫാറൂഖ്, ഗണേശന്‍, രമേശ് കോട്ടയപ്പുറത്ത് എ ആര്‍ ചന്ദ്രന്‍, പി ടി അബൂബക്കര്‍ തുടങ്ങിയവരും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സംസാരിച്ചു. മേജര്‍, വേലായുധന്‍ നായര്‍, ടിപി വേണു മാസ്റ്റര്‍, എം വിനോദ്, എസ് രാജേന്ദ്രന്‍, ഷിബിന്‍, സി വാസു, എം പി മനോജ് തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി. പ്ലാന്റ് ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
വര്‍ഷങ്ങളായി ചെങ്കല്‍ ഖനനം ചെയ്ത ആഴമേറിയ ഭാഗത്ത് മണ്ണിട്ട് നികത്തിയ ദുര്‍ബലമായ സ്ഥലത്താണ് കൂറ്റന്‍ മിക്‌സര്‍ യൂണിറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ഇനിയും നികത്താത്ത വന്‍ ഗര്‍ത്തങ്ങളും ഇവിടെയുണ്ട്. കനത്ത മഴയില്‍ പലയിടത്തും സംഭവിച്ചതു പോലെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് പ്രദേശത്തുകാര്‍. പരിസരവാസികളായ ജനങ്ങളുടെ ആശങ്കകള്‍ പരിഗണിക്കാതെ റിപ്പോര്‍ട്ട് തയ്യാറാക്കി യൂണിറ്റിന് നഗരസഭ അനുമതി നല്‍കിയെന്ന ആരോപണമുണ്ട്. അനുമതി നല്‍കിയ നടപടിയില്‍ നിന്നും അധികാരികള്‍ പിന്തിരിഞ്ഞില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.