മക്കയില്‍ ഇഫ്താര്‍ സുപ്രയിലേക്ക് കാര്‍ ഇടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു

Update: 2024-03-22 04:17 GMT
മക്ക: ഇഫ്താര്‍ സുപ്രയിലേക്ക് കാര്‍ ഇടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു. മക്കയിലെ നവാരിയില്‍ പള്ളിക്ക് പുറത്തൊരുക്കിയ ഇഫ്താര്‍ സുപ്രയിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. മഞ്ചേരി പുല്‍പറ്റ എടത്തില്‍ പള്ളിയാളി സ്വദേശി സ്രാമ്പിക്കല്‍ അബ്ദുള്ളയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (47) ആണ് മരിച്ചത്.

സഹ്റതുല്‍ ഉംറ മസ്ജിദിന് തൊട്ടുചേര്‍ന്ന് റോഡിന് സമീപം വ്യാഴാഴ്ച ഇഫ്താറില്‍ പങ്കെടുത്തുകൊണ്ടിരിക്കെ അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട കാര്‍ മറ്റു കാറുകളില്‍ ഇടിച്ചു സുപ്രയിലേക്ക് ഇടിച്ചുകയറി മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ഇഫ്താറില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും ഇടിച്ച മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. സുരക്ഷാ സേനയും റെഡ്ക്രസന്റും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

അപകടത്തില്‍ മരിച്ച മുഹമ്മദ് ബഷീറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. മക്ക നവോദയ ഈസ്റ്റ് നവാരിയ യൂനിറ്റ് അംഗമായിരുന്നു. മക്ക ഹിറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മക്കയിലെ നവോദയ, ഐ.സി.എഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. അപകടത്തില്‍ നിസ്സാര പരിക്കേറ്റ മഞ്ചേരി ആനക്കയം സ്വദേശി മന്‍സൂറിനെ മക്കാ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.




Similar News