മലപ്പുറം: ബെംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ഇലക്ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തിലാണ് തിരൂര്‍ സ്വദേശിയായ യുവാവ് മരിച്ചത്. തിരൂര്‍ ബി.പി അങ്ങാടി പൈങ്ങോട്ടില്‍ അബ്ദുല്‍ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മിലാണ് (23) മരിച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. മുസമ്മില്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡില്‍ മറിയുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചെങ്കിലും തലയിടിച്ച് റോഡിലേക്ക് വീണ മുസമ്മിലിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിക്കുകയായിരുന്നു.
മുസമ്മലിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച തന്നെ നാട്ടിലെത്തിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്തു. ബംഗളുരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു മുസമ്മില്‍. മുബഷീറയാണ് സഹോദരി. ഖബറടക്കം ഇന്ന് ബി.പി അങ്ങാടി ജുമാമസ്ജിദില്‍ നടക്കും.