ചോദ്യംചെയ്യലിനിടെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവം; രണ്ട് പോലിസുകാര്‍ക്ക് സസ്പെന്‍ഷന്‍
പെരിന്തല്‍മണ്ണ: ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലിസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പോലിസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. പാണ്ടിക്കാട് സ്റ്റേഷനിലെ സി.പി.ഒമാരായ ആള്‍ഡസ് വിന്‍സ്, ഷംസീര്‍ ടി.പി. എന്നിവരെ ഉടന്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്. ശശിധരന്‍ ഉത്തരവിട്ടു. വിശദമായ ഉത്തരവ് പിന്നാലെ പുറപ്പെടുവിക്കുമെന്ന് എസ്.പി. അറിയിച്ചു.
പന്തല്ലൂര്‍ കടമ്പോട് ആലുങ്ങല്‍ മൊയ്തീന്‍കുട്ടി(36) ആണ് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് പാണ്ടിക്കാട് പോലിസ് സ്റ്റേഷനില്‍ മൊയ്തീന്‍കുട്ടി കുഴഞ്ഞുവീണത്.പോലിസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മൊയ്തീന്‍കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഞായറാഴ്ച കടമ്പോട് തെക്കുമ്പാട് മുത്തപ്പന്‍ വേലയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ സംഘര്‍ഷമുണ്ടായിരുന്നു. പോലിസ് ഇതുമായി ബന്ധപ്പെട്ട് വീഡിയോ ശേഖരിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ടതിന്റെ പേരിലാണ് മൊയ്തീന്‍കുട്ടിയെയും കടമ്പോട് മൂത്താലി സമീറലി(35) തുടങ്ങിയവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ആനക്കയം പഞ്ചായത്ത് 12-ാം വാര്‍ഡ് അംഗമായ ജോജോ മാത്യു, കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി സലീം ഹാജി തുടങ്ങിയവര്‍ക്കൊപ്പമാണ് തിങ്കളാഴ്ച വൈകീട്ടോടെ ഇവര്‍ സ്റ്റേഷനിലെത്തിയത്. പിന്നീട് കൂടെയുള്ളവരെ മാറ്റിനിര്‍ത്തി മൊയ്തീന്‍കുട്ടിയെയും സമീറലിയെയും സ്റ്റേഷന് പുറത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് മര്‍ദിക്കുന്നതിന്റെ ശബ്ദംകേട്ടെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. മുറിയില്‍നിന്ന് സ്റ്റേഷനിലേക്ക് മാറ്റിയതോടെ വെള്ളം ചോദിച്ച മൊയ്തീന്‍കുട്ടി വെള്ളം കുടിച്ച് അല്പസമയത്തിനകം കുഴഞ്ഞുവീണു. ഇതോടെ പാണ്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിന്‍ പ്രവേശിപ്പിച്ചു.
ഇ.സി.ജി. പരിശോധനയും രക്തപരിശോധനയും കഴിഞ്ഞതോടെ വിദഗ്ധചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളുമായാണ് അത്യാഹിത വിഭാഗത്തില്‍ മൊയ്തീന്കുട്ടിയെ എത്തിച്ചതെന്നും ആന്‍ജിയോഗ്രാം പരിശോധനയില്‍ ഗുരുതരമായ ബ്ലോക്കുകള്‍ കണ്ടെത്തിയതായും ചികിത്സിച്ച മൗലാന ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. മാത്യു പോള്‍ പറഞ്ഞു.മൊയ്തീന്‍കുട്ടിയുടെ പിതാവ്: മുഹമ്മദ്. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഹസീന. മക്കള്‍: അല്‍ഹാന്‍, അന്‍ഹ. സഹോദരങ്ങള്‍: ഉസ്മാന്‍, ഹമീദ്, അബ്ദുറഹ്‌മാന്‍, ആരിഫ്, ഫാത്തിമ, ഉമ്മുക്കുല്‍സു, ഷാഹിന