മലപ്പുറം: മഞ്ചേരിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാരാപറമ്പില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അരീക്കോട് ചക്കിങ്ങല്‍ സ്വദേശി നിയാസ് ചോലക്കല്‍ ആണ് മരിച്ചത്. കൊച്ചി പാലാരിവട്ടത്ത് ചക്കരപ്പറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം. ഒരേദിശയില്‍ വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
മറ്റൊരു അപകടത്തില്‍ കുന്നംകുളം കുറുക്കന്‍പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടോറസും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരമാണ്. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന ബസും മണ്ണുകയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ നാലോടെയാണ് അപകടം. ടോറസ് കാബിന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ബസ് ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റു. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.