ജനപ്രതിനിധികളുമായി മലപ്പുറം കലക്ടര്‍ ഉണ്ടാക്കിയ ധാരണ പരസ്യപ്പെടുത്തണം: എസ് ഡിപിഐ
മലപ്പുറം: കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയിലെ ആരാധനാലയങ്ങളിലെ മതപരമായ ചടങ്ങുകളുടെ വിഷയത്തില്‍ കലക്ടറും ജനപ്രതിനിധികളും തമ്മിലുണ്ടാക്കിയ ധാരണ പരസ്യപ്പെടുത്തണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ അഞ്ചില്‍ താഴെ പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന വിഷയത്തില്‍ ജനപ്രതിനിധികളുമായി ധാരണയുണ്ടാക്കിയിരുന്നു എന്നാണ് മലപ്പുറം ജില്ലാ കലക്ടര്‍ പറയുന്നത്. എന്നാല്‍ അങ്ങനെയൊരു ധാരണ ഉണ്ടാക്കിയിട്ടില്ലെന്നാണ് ചില ജനപ്രതിനിധികള്‍ പറയുന്നത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഏതൊക്കെ ജന പ്രതിനിധികളുമായാണ് കലക്ടര്‍ ധാരണയുണ്ടാക്കിയതെന്ന് വ്യക്തമാക്കണം. ജനപ്രതിനിധികള്‍ പറയുന്നതാണോ സത്യം അതല്ല കലക്ടര്‍ പറയുന്നതാണോ സത്യം എന്ന വിഷയത്തില്‍ ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ സംശയം നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഏതൊക്കെ ജനപ്രതിനിധികളാണ് പങ്കെടുത്തതെന്ന് കലക്ടര്‍ വ്യക്തമാക്കണം. ആ യോഗത്തിലെടുത്ത തീരുമാനം എന്താണെന്ന് ജനപ്രതിനിധികളും വിശദീകരിക്കണം. സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.