ഹൈവേ വികസനം: ടെക്‌സ്റ്റൈല്‍സ് വ്യാപാരികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി

Update: 2021-06-09 12:54 GMT

പെരിന്തല്‍മണ്ണ: ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്ക് അനുവദിച്ച 75000 രൂപ നഷ്ടപരിഹാരം തുണിക്കച്ചവടക്കാര്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ലക്ഷങ്ങളുടെ ഫര്‍ണിച്ചറും ബാങ്ക് ലോണുകളും എടുത്ത് വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന തുണി വ്യാപാരികള്‍ വഴിയാധാരമാവുന്ന സാഹചര്യത്തില്‍ കച്ചവടക്കാര്‍ക്ക് സ്‌ക്വയര്‍ ഫീറ്റ് അടിസ്ഥാനത്തില്‍ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും ടെക്‌സ്റ്റൈല്‍സ് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജില്ലാ ടെക്‌സ്റ്റൈല്‍, ഗാര്‍മെന്റ് ഡീലേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ മലപ്പുറം ജില്ലാ കലക്ടക്ക് നിവേദനം നല്‍കി. വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്നു കലക്ടര്‍ ഉറപ്പുനല്‍കി. കൂടാതെ ഒഴിഞ്ഞുപോവുന്ന കച്ചവടക്കാര്‍ക്ക് കെട്ടിട ഉടമ പുതിയ കെട്ടിടം പണിയുമ്പോള്‍ പരിഗണന നല്‍കുന്നതിന് കലക്ടറുടെ അധ്യക്ഷതയില്‍ കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും യോഗം വിളിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചുകിട്ടാന്‍ പരിശ്രമിക്കാമെന്നും ഉറപ്പുനല്‍കി. ജില്ലാ പ്രസിഡന്റ് ചമയം ബാപ്പു, ജനറല്‍ സെക്രട്ടറി മുസ്തഫ ശാദി, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രീതി സിറാജ്, എം എന്‍ നൗഷാദ്, കലാം സീനത്ത്, ശിഹാബ് ഹംസാസ് നേതൃത്വം നല്‍കി.

Highway Development: Textile Merchants Submit to Collector



Tags:    

Similar News