ചോറ്റൂര്‍ കൊലപാതകം: പ്രതിയെ കണ്ടെത്താനായത് നിതാന്ത ജാഗ്രത മൂലമെന്ന് എസ് ഡിപിഐ
പുത്തനത്താണി: കഞ്ഞിപ്പുര ചോറ്റൂരില്‍ ഒന്നര മാസത്തിലധികമായി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത് നാട്ടുകാരുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നിതാന്ത ജാഗ്രത മൂലമെന്ന് എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി. വെട്ടിച്ചിറയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് ജോലിക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരിന്നു. കുട്ടിയെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാതായതോടെ കേസന്വേഷിക്കുന്ന പോലിസ് ഉദ്യോഗസ്ഥരും പ്രതിസന്ധിയിലായി. ഈ അവസരത്തിലാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ഇത് പ്രതിയെ പിടികൂടാന്‍ സഹായകരമായി. പോലിസും നാട്ടുകാരും കൈകോര്‍ത്തതോടെ പെണ്‍കുട്ടിയുടെ കൊലപാതകത്തെ കുറിച്ചും പ്രതിയെ കുറിച്ചും സൂചന ലഭിക്കുകയായിരുന്നു.
കൃത്യമായി പ്രതിയെ കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. തുടര്‍ന്നും ജാഗരൂകരായിരിക്കണമെന്നും സംഭവത്തെ തുടര്‍ന്ന് ഭയത്തിലകപ്പെട്ട പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കായി കൗണ്‍സിലിങ് ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മുബാറക് ചീരാന്കുളങ്ങര ആവശ്യപ്പെട്ടു. എസ് ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് ജാഫര്‍ ഹാജി, സെക്രട്ടറി കെ കെ സലാം, വൈസ് പ്രസിഡന്റ് കെ സി ഷമീര്‍ സംബന്ധിച്ചു.
Chottoor murder: SDPI congrats police