അരീക്കോട്: ഊര്‍ങ്ങാട്ടിരി ഓട്ടതാന്നിക്കല്‍ ഷെഡില്‍ താമസിക്കുന്ന കുടുംബത്തിന് ജനകീയ കൂട്ടായ്മയിലൂടെ താല്‍ക്കാലിക വീട് നിര്‍മിച്ചിച്ചു നല്‍കാന്‍ തുടക്കമായി. രണ്ട് വര്‍ഷത്തിലേറെയായി പ്ലാസ്റ്റിക് കൊണ്ടുമറച്ച ഷെഡില്‍ താമസിക്കുന്ന അഞ്ചംഗ കുടുംബം ഏറെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്ന് വീട് നിര്‍മാണത്തിന് മുന്‍ഗണനാ ലിസ്റ്റില്‍ ഉണ്ടായിട്ടും അവഗണിക്കപ്പെടുകയായിരുന്നു. കാലവര്‍ഷം ശക്തി പ്രാപിച്ചാല്‍ പൊളിഞ്ഞുവീഴുന്ന അവസ്ഥയിലുള്ള ഷെഡില്‍ കഴിയുന്ന കുടുംബത്തിന് കൊച്ചുവീടൊരുക്കി നല്‍കാന്‍ സാമുഹിക പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. വീട് നിര്‍മാണത്തിലേക്ക് ആവശ്യമായ ഹോളോബ്രിക് 'ഒരുവട്ടം കൂടി'യെന്ന എസ്എസ് സി 1987 കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആബിദ് തറവട്ടത്ത്, ജാഫര്‍ ചേലക്കാട് എന്നിവര്‍ എത്തിച്ചുനല്‍കുകയായിരുന്നു. ജനല്‍, വാതില്‍, സിമന്റ്, മരം ഉള്‍പ്പെടെ നാട്ടുകാരായ സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കി. അധ്യാപകര്‍, വോയ്‌സ് ഓഫ് കിണറടപ്പ് എന്ന വാട്‌സ് ആപ് കൂട്ടായ്മ, പ്രവാസികളടക്കം സംരഭത്തിന് സാമ്പത്തിക പിന്തുണ നല്‍കിയതോടെ ഇന്ന് പഴയ ഷെഡ് പൊളിച്ച് പ്രവൃത്തി ആരംഭിച്ചു. സാമൂഹിക പ്രവര്‍ത്തകരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബഷീര്‍ ഇരുട്ടുതോട്ടില്‍, ഷാഹിം കരുവാക്കോടന്‍, സജീര്‍ മേത്തലയില്‍ നേതൃത്വം നല്‍കി.