ഉടുമ്പുന്തല നാലുപുരപ്പാട് വഖ്ഫ് ഭൂമിയിലെ സ്വകാര്യവ്യക്തിയുടെ നിര്‍മാണം: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു

Update: 2023-02-26 17:51 GMT

തൃക്കരിപ്പൂര്‍: ഉടുമ്പുന്തല നാലുപുരപ്പാട് വഖ്ഫ് ഭൂമിയില്‍ സ്വകാര്യവ്യക്തിക്ക് നിര്‍മാണപ്രവര്‍ത്തിക്ക് അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് തന്റെ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്നില്ലെന്ന രീതിയില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജരേഖകള്‍ എന്ന് സംശയിക്കുന്നവ ഹാജരാക്കിയാണ് ഉടുമ്പുന്തല താമസക്കാരനും രാമന്തളി കടപ്പുറം സ്വദേശിയുമായ തയ്യില്‍ പുരയില്‍ അബ്ദുല്ല കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇതില്‍ പരാതിക്കാരന് അനുകൂലമായി വിധി പ്രസ്താവിക്കുയും പഞ്ചായത്തിനോട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഉടുമ്പുന്തല മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഡിവിഷന്‍ ബെഞ്ചിലേക്ക് ഹരജി നല്‍കുകയായിരുന്നു. അതിലാണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റേ ഉള്‍പ്പടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഉടുമ്പുന്തല നാലുപുരപ്പാട് വഖ്ഫ് ഭൂമിയില്‍ അവകാശം സ്ഥാപിച്ച് കെട്ടിടം പണിയാനുള്ള സ്വകാര്യവ്യക്തികളുടെ ശ്രമങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വിലങ്ങുതടിയായത്. 1966ല്‍ വഖ്ഫ് നിയമപ്രകാരം വഖ്ഫുല്‍ ഔലാദ് ആയി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയാണ് 5 ഏക്കറോളം വരുന്ന നാല് പുരപ്പാട് ഭൂമിയും അതിലുണ്ടായിരുന്ന മാളികയും. എന്നാല്‍, സ്ഥലത്തെ പ്രമാണികള്‍ റവന്യൂ റിക്കവറി എന്ന കള്ളക്കഥ ചമച്ച് 1970 കളില്‍ സ്ഥലം കൈക്കലാക്കാന്‍ ശ്രമിക്കുകയായിരുന്നു. വ്യാജരേഖ ചമച്ച് കൈക്കലാക്കാന്‍ ശ്രമിച്ചെങ്കിലും വഖ്ഫ് ബോര്‍ഡ് 1973ല്‍ എറണാകുളത്ത് കേസ് കൊടുത്തതിനാലും നാട്ടുകാരും മുതവല്ലിയും ചേര്‍ന്ന് 1997 ല്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ പരാതി നല്‍കിയതിനാലും 2008 വരെ വസ്തു കൈമാറാനോ ആധാരം മാറ്റാനോ സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഭൂമാഫിയക്കാര്‍ വഖഫ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഉടുമ്പുന്തല/വള്‍വക്കാട് മഹല്ല് ജമാഅത്തുകളെ തെറ്റിദ്ധരിപ്പിച്ചും മറ്റും നാട്ടുകാരുടെ പ്രതിഷേധം ഇല്ലാതാക്കി വഖ്ഫ് ഭൂമി കൈയേറ്റം നടത്തുകയായിരുന്നുവെന്ന് ഉടുമ്പുന്തല മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. തൃക്കരിപ്പൂര്‍ പ്രസ്‌ക്ലബില്‍ നടത്തിയത്ത വാര്‍ത്താസമ്മേളനത്തില്‍ ഉടുമ്പുന്തല മഹല്ല് ജമാഅത്ത് പ്രസിഡന്റ് കെപി അബ്ദുല്‍ സമദ് ഹാജി, സെക്രട്ടറി ഫൈസല്‍ കോച്ചന്‍, ട്രഷറര്‍ ടിവി അബ്ദുള്ള ഹാജി മെമ്പര്‍ നാസര്‍ പുതിയേരി പങ്കെടുത്തു. അന്യാധീനപ്പെട്ട നാലുപുരപ്പാട് വഖ്ഫ് ഭൂമിയില്‍ നിര്‍മാണത്തിനുള്ള തയ്യില്‍ പുരയില്‍ അബ്ദുല്ലയുടെ ശ്രമം തടഞ്ഞ ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് നാല് പുരപ്പാട് വഖ്ഫ് ആക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു. കൃത്യസമയത്തുള്ള ഉടുമ്പുന്തല മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ഇടപെടല്‍ സന്തോഷകരമാണ്. മഹല്ല് കമ്മിറ്റിയുടെ നടപടി വഖഫ് സംരക്ഷണത്തിന് വേണ്ടിയുള്ള നാട്ടുകാരുടെ ശ്രമത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നത് തന്നെയാണ്. പത്ത് വര്‍ഷം മുന്നേ മഹല്ല് നിയമനടപടിയുമായി മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. നിയമ പോരാട്ടം ഇത് കൊണ്ട് അവസാനിക്കുന്നില്ല, കോഴിക്കോട് വഖ്ഫ് െ്രെടബ്യൂണലില്‍ നടക്കുന്ന കേസ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.

Tags:    

Similar News