സുരക്ഷാ ഭിത്തി നിര്‍മാണം: പൊതുജനങ്ങള്‍ക്ക് വഴിസൗകര്യമൊരുക്കുന്നത് പരിഗണിക്കണമെന്ന് റെയില്‍വേ അധികൃതരോട് ഹൈക്കോടതി
മലപ്പുറം: തിരൂരിനും താനൂരിനും ഇടയില്‍ വട്ടത്താണിയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് റെയില്‍വേ അധികൃതര്‍ സുരക്ഷാ ഭിത്തി നിര്‍മിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വഴി തടസ്സപ്പെടാതിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. താനൂര്‍ നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി അഡ്വ:പി പി റഹൂഫ്, അഡ്വ:പി ടി ശീജിഷ് എന്നിവര്‍ മുഖേന ബോധിപ്പിച്ച കേസിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്.
റെയില്‍വേ സുരക്ഷാ ഭിത്തി നിര്‍മാണത്തിന്റെ ചുമതലയുള്ള എറണാകുളത്തെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ക്കാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ പരാതിക്കാരെ കേട്ട് തീരുമാനമെടുക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിധിപ്പകര്‍പ്പ് ഹൈക്കോടതിയില്‍ നിന്ന് കൈപ്പറ്റിയ ശേഷം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പറപ്പൂതടം, ജനറല്‍ സെക്രട്ടറി കെ ഉവൈസ്, ട്രഷറര്‍ ടി നിയാസ് എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ക്ക് കൈമാറി.