മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പെരിന്തല്‍മണ്ണയ്ക്കു സമീപം കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിയായ 85കാരനാണ് വൈറസ് ബാധ. ഇദ്ദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇതോടെ ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.
മാര്‍ച്ച് 11ന് ഉംറ കഴിഞ്ഞെത്തിയ മകന്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കുകയും അടുത്തിടപഴകുകയും ചെയ്തിരുന്നു. മാര്‍ച്ച് 26ന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 10നു പട്ടിക്കാട് സിറ്റി ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിച്ചു. മരുന്ന് വാങ്ങി ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങി. മാര്‍ച്ച് 28ന് രാവിലെ 10നു വീണ്ടും പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി കുത്തിവയ്‌പെടുത്ത് വീട്ടിലേക്ക് മടങ്ങി. രാത്രി 8.30ന് ആക്കപ്പറമ്പിലെ പഞ്ചായത്ത് ഓഫിസിനടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെത്തി വാഹനത്തിനുള്ളില്‍ വച്ചു തന്നെ കുത്തിവയ്‌പെടുത്ത് മടങ്ങി. 29നും 30നും രാവിലെ 9.30നും രാത്രി 8.30നും ആക്കപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കിനു മുന്നിലെത്തി വാഹനത്തിലിരുന്ന് കുത്തിവയ്‌പെടുത്തു.
31ന് രാവിലെ 9.30നും ഇതേ രീതിയില്‍ ആക്കപ്പറമ്പിലെ ക്ലിനിക്കില്‍ നിന്ന് കുത്തിവയ്‌പെടുത്ത് വീട്ടിലേക്കു മടങ്ങി. മാര്‍ച്ച് 31ന് രാത്രി ഏഴിനു ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി പരിശോധനക്കായി രക്തമെടുത്തു. പെരിന്തല്‍മണ്ണ അല്‍ ശിഫ ആശുപത്രിയിലാണ് രക്ത പരിശോധന നടന്നത്. രാത്രി 11നു പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ കിടത്തി ചികില്‍സയ്ക്കു വിധേയനാക്കി. ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ 3.30ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. വൈറസ് ബാധിതനെ പരിചരിച്ച പേരമകന്‍, വൈറസ് ബാധിതന്റെ ഭാര്യ, ഉംറ കഴിഞ്ഞെത്തിയ മകന്‍, ഭാര്യ, രണ്ടു മക്കള്‍ എന്നിവര്‍ക്കു മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ മകന്‍ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയത് ജിദ്ദയില്‍ നിന്നു മാര്‍ച്ച് 11ന് രാവിലെ 10.20ന് കരിപ്പൂരിലെത്തിയ എസ്.വി 746 വിമാനത്തിലാണ്. ഈ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോവാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.