സിപിഎം മെംബര്‍മാര്‍ ഗുണ്ടാപ്പണിയെടുത്താല്‍ ശക്തമായി നേരിടും: യൂത്ത് ലീഗ്

Update: 2021-11-29 03:21 GMT

മൊറയൂര്‍: പഞ്ചായത്തിലെ ജീവനക്കാരെയും ഭരണകക്ഷി മെംബര്‍മാരെയും ഭീഷണിപ്പെടുത്തുകയും തെറിയഭിഷേകം നടത്തുകയും ചെയ്യുകയെന്നത് 12,14 വാര്‍ഡിലെ മെംബര്‍മാരുടെ സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുകയാണെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി യോഗം വിലയിരുത്തി. ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കായികമായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന സിപിഎം മെംബര്‍മാരുടെ രീതി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി നേരിട്ടുമെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി.

മുമ്പ് ഗ്രാമപ്പഞ്ചായത് സെക്രട്ടറിയെ ജോലിസ്ഥലത്ത് വച്ച് ആക്രമിക്കുകയും സ്ഥാപനത്തിന് കേടുപാട് വരുത്തുകയും ചെയ്ത സമയത്ത് പോലിസ് ശക്തമായ നടപടിയെടുത്തിരുന്നെങ്കില്‍ അതേ ആളുകളില്‍നിന്ന് വീണ്ടും ഇത്തരം ആക്രമണമുണ്ടാവുമായിരുന്നില്ലെന്നും യോഗം വിലയിരുത്തി. ജനപ്രതിനിധികളായപ്പോഴും പഴയതുപോലെ ഗുണ്ടാ പണിനിര്‍ത്താതെ സംസ്‌കാരശൂന്യമായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജനക്ഷേമം ലക്ഷ്യമാക്കി നിയമപരമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരോട് തെറിയഭിഷേകവും ഭീഷണിയും തുടര്‍ന്നാല്‍ ആവിശ്യമായ സംരക്ഷണം നല്‍കാനും അത്തരക്കാരെ വേണ്ടവിധം നേരിടാനും യൂത്ത് ലീഗ് രംഗത്തുണ്ടാവുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പഞ്ചായത്ത് ലീഗ് ഭാരവാഹികളായ ഉമ്മര്‍കുട്ടി, അബ്ബാസ് വടക്കന്‍, സി കെ അനീസ് ബാബു, എം സി മുജീബ്, വാഹിദ് മാസ്റ്റര്‍, കെ ജാഫര്‍, നിസാം പൂന്തല, റാഫി നൂറേന്‍, അംബി ഹമീദ്, എന്‍ കെ നബീല്‍, സി സുഹൈല്‍, ഷാഹുല്‍ ഹമീദ്, കെ പി സലാം എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News