മാവോവാദി ബന്ധം ആരോപിച്ച് രണ്ട് സിപിഎമ്മുകാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

വീട്ടില്‍ പരിശോധന നടത്തിയ പോലിസ് സംഘം മാവോവാദി ബന്ധമുള്ള ലഘുലേഖ പിടിച്ചെടുത്തെന്നാണ് ആരോപണം

Update: 2019-11-02 04:07 GMT

കോഴിക്കോട്: മാവോവാദി അനുകൂല ലഘുലേഖ കൈവശം വച്ചെന്ന് ആരോപിച്ച് കോഴിക്കോട്ട് രണ്ടു സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂരില്‍ നിന്നാണ് തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസിലെ രണ്ടാം വര്‍ഷ നിയമബിരുദ വിദ്യാര്‍ഥി അലന്‍ ഷുഹൈബ്, സുഹൃത്തും എസ്എഫ് ഐ പ്രവര്‍ത്തകനുമായ താഹ ഫസല്‍ എന്നിവരെ പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് വിദ്യാര്‍ഥിയാണ് അലന്‍ ഷുഹൈബ്. അലന്‍ സിപിഎം നടുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും ജേണലിസം വിദ്യാര്‍ഥിയ താഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ചംഗവുമാണ്. അട്ടപ്പാടിയില്‍ നാല് മാവോവാദികളെ വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുള്ള പോസ്റ്റര്‍ കൈവശം വച്ചെന്നാരോപിച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

    പുലര്‍ച്ചെ ശുഹൈബിന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പരിശോധന നടത്തിയ പോലിസ് സംഘം മാവോവാദി ബന്ധമുള്ള ലഘുലേഖ പിടിച്ചെടുത്തെന്നാണ് ആരോപണം. തണ്ടര്‍ ബോള്‍ട്ട് വെടിവയ്പില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിനും പോലിസിനുമെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ടെന്നാണു പോലിസ് നല്‍കുന്ന സൂചന.

    


    അതേസമയം, അലന്‍ സിപിഎം അനുഭാവിയാണെന്നും റെയ്ഡിനു പിന്നില്‍ ഭരണകൂട ഭീകരതയാണെന്നും പിതാവ് ശുഹൈബ് പറഞ്ഞു. നേരത്തേ, ബാലസംഘം കല്ലായി മേഖലാ സെക്രട്ടറി, കോഴിക്കോട് സൗത്ത് കമ്മിറ്റിയംഗം, എസ്എഫ് ഐ കോഴിക്കോട് ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ ശുഹൈബ് പ്രവര്‍ത്തിച്ചിരുന്നു. മകന് തീവ്രനിലപാടൊന്നുമില്ലെന്നും പോലിസ് നടപടിക്കെതിരേ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും താഹ ഫസലിന്റെ കുടുംബം അറിയിച്ചു. ഇന്നു വിവിധ കാര്യങ്ങള്‍ക്കായി കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഗസ്റ്റ് ഹൗസിലെത്തി കാണുമെന്നാണു സൂചന. ധൃതിപിടിച്ച് യുഎപിഎ ചുമത്തിയ പോലിസ് നടപടിക്കെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും പ്രതിഷേധവുമായെത്തിയിട്ടുണ്ട്.




Tags:    

Similar News