മാവോവാദി ബന്ധം: ഒമ്പത് വര്‍ഷത്തിനുശേഷം പിതാവിനെയും മകനെയും കര്‍ണാടക കോടതി കുറ്റവിമുക്തരാക്കി

Update: 2021-10-22 09:44 GMT

ദക്ഷിണ കന്നഡ: മാവോവാദി ബന്ധം ആരോപിച്ച് ആന്റി നക്‌സല്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച പിതാവിനെയും മകനെയും ദക്ഷിണ കന്നഡ ജില്ലാ കോടതി കുറ്റമുക്തരാക്കി. വിത്തല മലകുഡിയയെയും  പിതാവ് ലിംഗപ്പ മലകുഡിയയെയുമാണ് കോടതി ഒമ്പത് വര്‍ഷത്തിനുശേഷം കുറ്റവിമുക്തരാക്കിയിരിക്കുന്നത്.

2012 മാര്‍ച്ച് 3ാം തിയ്യതിയാണ് ഇരുവരെയും ആന്റി നക്‌സല്‍ ഫോഴ്‌സ് മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഭഗത് സിങ്ങിന്റെ ജീവചരിത്രവും ബൈനോക്കുലറും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ലഘുലേഖയും അടക്കം 36 തൊണ്ടികള്‍ കണ്ടെത്തിയെന്നാണ് പോലിസ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ലേഖനം രാജ്യദ്രോഹക്കുറ്റമാണെന്നാണ് പോലിസിന്റെ ആരോപണം. വേനൂര്‍ പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിത്തല മലകുഡിയയെ ആറാം പ്രതിയായും പിതാവ് ലിംഗപ്പയെ ഏഴാം പ്രതിയായുമാണ് കേസെടുത്തത്.

അറസ്റ്റ് നടക്കുമ്പോള്‍ വിത്തല  മാംഗ്ലൂര്‍ സര്‍വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരുന്നു. കസ്റ്റഡിയിലിരിക്കെത്തന്നെ അദ്ദേഹം പഠനം പൂര്‍ത്തിയാക്കി. വിലങ്ങുമായി വിത്തല പരീക്ഷയെഴുതുന്ന ഫോട്ടോ അക്കാലത്ത് വൈറലായിരുന്നു. പിന്നീട്  മലകുഡിയ ആദിവാസി സമുദായത്തിന്റെ ദയനീയാവസ്ഥ പുറത്തെത്തിക്കാന്‍ അദ്ദേഹം മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സഹായം തേടി. 

ജഡ്ജിമാരായ ബാലപ്പ ജകാതിയാണ് ഇരുവരെയും മോചിപ്പിച്ചത്. ദിനേശ് ഉലേപാടി പ്രതികള്‍ക്കുവേണ്ടി ഹാജരായി.  

Tags:    

Similar News