മാവോവാദി ബന്ധം: ആന്ധ്രയിലെ 14 ആക്റ്റിവിസ്റ്റുകളുടെ വീടുകളില്‍ എന്‍ഐഎ പരിശോധന
വിശാഖപ്പട്ടണം: സിപിഐ മാവോവാദി ബന്ധം ആരോപിച്ച് ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. മാവോവാദി അനുഭാവികളാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആക്റ്റിവിസ്റ്റുകളുടെയും വീടുകളിലാണ് പ്രധാനമായും പരിശോധന നടന്നത്. സിപിഐ മാവോവാദി പാര്‍ട്ടിക്ക് വിവിധ തരത്തിലുള്ള സഹായം ചെയ്യുന്നുവെന്നാണ് ആരോപണം.
ആന്ധ്രയിലെ പ്രകാശം, വിശാഖപ്പട്ടണം തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടന്നത്. ഗഡ്ചിറോലിയിലെ ഏറ്റുമുട്ടലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്ന് എന്‍ഐഎ അവകാശപ്പെട്ടു. ഗഡ്ചിറോലിയില്‍ നടന്ന ഏറ്റുമുട്ടലില്‍ 27 മാവോവാദികളാണ് കൊലചെയ്യപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ 5 മണിക്ക് പ്രകാശം ജില്ലയില്‍ കവി കല്യാണ്‍ റാവുവിന്റെ വസതിയിലാണ് ആദ്യം പരിശോധന നടന്നത്. വിപ്ലവ രചയിതല സംഘത്തിന്റെ നേതാവാണ് കല്യാണ്‍ റാവു. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് മാവോവാദി അനുകൂല സാഹിത്യം കണ്ടെടുത്തതായി പോലിസ് അറിയിച്ചു.
കല്യാണ്‍ റാവുവും മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഐഎ കരുതുന്നത്. രാമകൃഷ്ണ വിവാഹം കഴിച്ചത് കല്യാണ്‍ റാവുവിന്റെ ഭാര്യാ സഹോദരിയെയാണ്. ഒക്‌ടോബര്‍ 14ന് രാമകൃഷ്ണ കിഡ്‌നി സംബന്ധമായ അസുഖം മൂലം മരിച്ചു.
മാവോവാദി പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരുമായി 2004ല്‍ നടന്ന സമാധാന ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
അഭിഭാഷകയും പ്രോഗ്രസീവ് വുമണ്‍ അസോസിയേഷന്‍ നേതാവുമായ അന്നപൂര്‍ണയുടെ വിശാഖപ്പെട്ടണത്തെ വസതിയും എന്‍ഐഎ പരിശോധിച്ചിരുന്നു. ഇവര്‍ക്കും മാവോവാദി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ ആരോപണം.
രക്ഷസാക്ഷികളുടെ സുഹൃത്തുക്കളും ബന്ധുക്കളും എന്ന സംഘടനയുടെ നേതാവ് പദ്മകുമാരി, മുന്‍ മാവോവാദി നേതാവ് നിര്‍മല രവി ശര്‍മ, ഭാര്യ ബി അനുരുദ്ധ തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടത്തി.
കഴിഞ്ഞ ദിവസം രാമകൃഷ്ണയുടെ പ്രസംഗം പുസ്തകമായി അച്ചടിച്ചിരുന്ന ആംബര്‍പേട്ടിലെ പ്രസ്സ് പോലിസ് റെയ്ഡ് ചെയ്തു. പുസ്തകത്തിന്റെ 1,000 കോപ്പിയും കണ്ടുകെട്ടി.